കണ്ണൂർ: ഭിന്നശേഷി പെൻഷൻ അനുവദിക്കുന്നതിന് വരുമാന പരിധി നിശ്ചയിച്ച നടപടി പുനഃപരിശോധിക്കണമെന്നും പരിധി എടുത്ത് കളയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ എന്നിവർക്ക് നിവേദനം നൽകി.
വരുമാന പരിധി ഏർപെടുത്തിയ നടപടി 2016 ലെ കേന്ദ്ര ഭിന്നശേഷി ആക്ടിന് വിരുദ്ധവും ഒരു വിഭാഗം ഭിന്നശേഷി ക്കാരോട് ചെയ്യുന്ന വിവേചനവും നീതി നിഷേധവുമാണ്. ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാവാത്ത ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്ക് ഈ നിബന്ധന വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള ഭിന്ന ശേഷിക്കാരായ മാരക രക്ത വൈകല്യ രോഗികൾ അവരുടെ കുടുംബ വരുമാനത്തേക്കാളേറെ ചികിത്സാ ചെലവ് വേണ്ടി വരുന്നവരാണ്.
ഇത്തരം രോഗികൾക്ക് ആശ്വാസമാകേണ്ട പെൻഷൻ ആനുകൂല്യം വരുമാന പരിധി വെച്ച് നിഷേധിക്കുന്ന നടപടി അങ്ങേയറ്റം ദൗർഭാഗ്യകരവും നിരാശാജനകവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും സാമൂഹ്യ നീതിവകുപ്പ് മന്ത്രിയും അടിയന്തര നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് വരുമാന പരിധിയുടെ പേരിൽ പെൻഷൻ ആനുകൂല്യം നിഷേധിക്കപ്പെട്ട് കഴിഞ്ഞ് വരുന്ന വിവിധ ഭിന്നശേഷി വിഭാഗങ്ങൾ.