lenish

കണ്ണൂർ: തിരഞ്ഞെടുപ്പായാൽ മറ്റിടങ്ങളിലേത് പോലെ കണ്ണൂരിലെ ഭിത്തികളും ഇലക്ട്രിക് പോസ്റ്റുകളും ബസ് സ്റ്റോപ്പുകളുമെല്ലാം പ്രചാരണ കോലാഹലങ്ങൾക്ക് വഴിമാറും. പക്ഷേ സ്വന്തം തലയിൽ പാർട്ടി ചിഹ്നം വരച്ച് നാട്ടിൽ താരമാവുകയാണ് മുഖ്യമന്ത്രിയുടെ പഞ്ചായത്തായ പിണറായിയുടെ സ്വന്തം ലെനീഷ്. സി.പി.എം ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രമാണ് ചുവന്ന ചായത്തിൽ തലയിൽ പതിപ്പിച്ചത്.

മുടി പിന്നിൽ നിന്ന് പറ്റെ വെട്ടിയ ശേഷം എല്ലാവർക്കും കാണുന്ന വിധത്തിലാണ് ചിഹ്നം വരച്ചിരിക്കുന്നത്. പിണറായിയിലെ ബാർബർ ഷോപ്പിൽ നിന്ന് തന്നെയാണ് തല അലങ്കരിച്ചത്. ചിഹ്നം വരച്ച തലയുമായി പിണറായി തെരുവിലൂടെ ലെനീഷ് നടന്നു പോകുന്നതു കാണുമ്പോൾ കാഴ്ചക്കാർ ചുറ്റും കൂടും.

മുടി തന്റെ സ്വത്താണ്. മുടിയിൽ ഏത് കോലം കെട്ടാനും ആരോടും ചോദിക്കേണ്ടതില്ല. ഇത് തന്റെ അവകാശമാണെന്നാണ് ലെനീഷിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പു വരെ ഇങ്ങനെ തുടരാനാണ് ലെനീഷിന്റെ ലക്ഷ്യം. ലെനീഷിന്റെ കൂട്ടുകാരും ഇപ്പോൾ ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ലോകകപ്പ് കാലത്ത് ബ്രസീൽ താരമായ നെയ്‌മറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ലെനീഷ് നാട്ടിലെ കൗതുകക്കാഴ്ചയായിരുന്നു. പിണറായി പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന്റെ വേളയിലായിരുന്നു അത്. ഡി.ജി.പി ലോക് നാഥ് ബെഹ്‌റയുൾപ്പടെയുള്ളവർ അന്ന് ലെനീഷിനൊപ്പം ഫോട്ടോയ്‌ക്കം പോസ് ചെയ്‌തിരുന്നു.