ldf
എൽ.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ തെക്കി ബസാറിലെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ മന്ത്രി ഇ.പി ജയരാജൻ പ്രകാശനം ചെയ്യുന്നു

ഫ്‌ളൈ ഓവർ നിർമ്മാണത്തിന് കിഫ്ബിയുടെ 130.87 കോടി

കണ്ണൂർ: കണ്ണൂരിന്റെ ഗതാഗതകുരുക്കഴിക്കാനുതകുന്ന തരത്തിലുള്ള വൈവിദ്ധ്യമാർന്ന പദ്ധതികൾ ഉൾപ്പെടുത്തി കോർപറേഷനിൽ ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി.കാൽടെക്‌സ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർമിക്കുന്ന ഫ്‌ളൈ ഓവറിന്റെ അന്തിമ അലൈൻമെന്റായെന്ന് പത്രികയിൽ പറയുന്നു. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ഈ മാസം അവസാനത്തോടെ സമർപ്പിക്കും. സ്ഥലമെടുപ്പിന് ആവശ്യമായ നടപടിയും പൂർത്തിയാകുന്നു.

ഫ്‌ളൈ ഓവർ നിർമാണത്തിന് കിഫ്ബി 130.87 കോടി രൂപയുടെ അനുമതിയാണ് നൽകിയത്. സർവീസ് റോഡുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുൾപ്പെടെയാണിത്. ഫ്‌ളൈ ഓവറും നഗരത്തിലെ റോഡ് വികസനത്തിനായുള്ള 740 കോടിയുടെ പദ്ധതികളും പൂർത്തിയാകുന്നതോടെ കണ്ണൂർ ആധുനിക നഗരങ്ങളുടെ ഗതാഗത സൗകര്യങ്ങളിലേക്കുയരും. സാങ്കേതിക നടപടിക്രമം പൂർത്തിയാക്കി നിർമാണത്തിലേക്ക് കടക്കുന്ന പദ്ധതി കണ്ണൂരിന്റെ മുഖഛായ മാറ്റുമെന്നും പത്രികയിൽ പറയുന്നു.

കണ്ണൂർ,കണ്ണൂർ സൗത്ത് ,എടക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകളുടെ ഭൗതിക സാഹചര്യം വളർത്തുന്നതിന് കോർപ്പറേഷൻ ഫണ്ട് നൽകും.മോണോ റെയിൽവേയുടെ സാദ്ധ്യത പഠിച്ച് മട്ടന്നൂർ വിമാനത്താവളം,തലശേരി,തളിപ്പറമ്പ് എന്നീ നഗരങ്ങളെ സംബന്ധിച്ചുള്ള പദ്ധതിക്കായി സമ്മർദ്ദം ചെലുത്തും.കൊച്ചി കോർപ്പറേഷൻ മാതൃകയിൽ ഇന്റർഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കെൽട്രോണിന്റെ സഹായത്തോടെ കോർപ്പറേഷനുകളിലും നടപ്പിലാക്കും.

കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് തരിശ് രഹിത കോർപ്പറേഷൻ,കൈപ്പാട് പ്രദേശത്ത് നെല്ലും മീനും പദ്ധതിയും നടപ്പിലാക്കും.കോർപ്പറേഷന്റെ കയ്യിലുള്ള സ്ഥലവും കെട്ടിടങ്ങളും ഉൾപ്പെടുത്തി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കും.ആധുനിക മത്സ്യ മാർക്കറ്റുകൾ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കുമെന്നാണ് മത്സ്യ മേഖലയ്ക്ക് നൽകുന്ന വാദാദാനങ്ങളിൽ ഒന്ന്.മാപ്പിളബേ ആധുനികവത്ക്കരിക്കാൻ ഇടപെടൽ നടത്തുമെന്നും പത്രികയിൽ പറയുന്നുണ്ട്.

തെക്കീബസാറിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിൽ നടന്ന ച‌ടങ്ങിൽ മന്ത്രി ഇ.പി.ജയരാജൻ പത്രിക പ്രകാശനം ചെയ്തു.എൻ.സുകന്യ,വെള്ളോറ രാജൻ , കെ.പി. സുധാകരൻ, യു.ബാബു ഗോപിനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ഫ്‌ളൈ ഓവർ 1093 മീറ്റർ

പത്തുമീറ്റർ വീതിയിൽ രണ്ടുവരി പാത

താഴെ ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡ്

രണ്ടര മീറ്റർ വീതിയിൽ ഫുട്പാത്ത് നിർമ്മിക്കും

35 മീറ്റർ വീതം നീളത്തിലുള്ള 25 സ്പാനുകൾ

സ്ഥലമെടുക്കാൻ 58 കോടി