
നീലേശ്വരം: എൽ.ഡി.എഫ് മാത്രം വിജയിച്ച ചരിത്രമുള്ള കരിന്തളം ഡിവിഷനിൽ ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നണിയുടെ പ്രചാരണപ്രവർത്തനം. മൂന്നുപഞ്ചായത്തുകളിലായുള്ള 35 വാർഡുകളിൽ അഞ്ചിടത്ത് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത് എന്നതുതന്നെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ. എന്നാൽ കാര്യങ്ങൾ മാറുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും പ്രവർത്തനം.
രണ്ടുതവണ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ശകുന്തളയാണ് ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി. ക്ളാരമ്മ സെബാസ്റ്റ്യനാണ് യു.ഡി.എഫിനായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി ചന്ദ്രാവതി മേലത്തും രംഗത്തുണ്ട്.
കയ്യൂർ, ചീമേനി, കിണാവൂർ, പരപ്പ, തായന്നൂർ എന്നീ ബ്ലോക്ക് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് ഈ ഡിവിഷൻ.കിനാനൂർ-കരിന്തളത്തെ മുഴുവൻ വാർഡുകളും, കയ്യൂർ-ചീമേനിയിലെ 16-ൽ 12-ഉം, കോടോം-ബേളൂരിലെ 19-ൽ ആറും വാർഡുകൾ ഇതിൽപെടും. കരിന്തളത്ത് നാലും കോടോം ബേളൂരിൽ ഒന്നും വാർഡുകൾ മാത്രമാണ് യു.ഡി.എഫിനുള്ളത്.
എൽ.ഡി.എഫ്. ഇത്രയും കാലത്തെ ഭരണനേട്ടങ്ങൾ എടുത്തുപറഞ്ഞും പഞ്ചായത്തിന്റെ കീഴിൽ നടന്ന വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും വോട്ടഭ്യർഥിക്കുമ്പോൾ, സർക്കാരിന്റെ കെടുകാര്യസ്ഥത ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. വോട്ട് തേടുന്നത്. രാജ്യത്താകെ അലയടിക്കുന്ന തരംഗം ഈ ഡിവിഷനിലും ഉണർത്താനാണ് ബി.ജെ.പിയുടെ ശ്രമം.
2005-10 ലും 2015-20 ലും കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശകുന്തള 2000-ലാണ് ആദ്യമായി പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. കരിങ്കൽ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയംഗമെന്ന നിലയിൽ പാർട്ടിയിൽ ചുവടുറപ്പിച്ച ശകുന്തള സി.പി.എം. ചെറുവത്തൂർ ഏരിയാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമാണ്.
മഹിളാകോൺഗ്രസ് ജില്ലാജനറൽസെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ക്ളാരമ്മ സെബാസ്റ്റ്യൻ. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റാണ് ബി.ജെ.പി സ്ഥാനാർത്ഥിയായ ചന്ദ്രാവതി മേലത്ത്. ഇരുവരും പരപ്പ പ്രതിഭാനഗർ സ്വദേശികളുമാണ്.