മട്ടന്നൂർ: പഴശ്ശി ജലസംഭരണിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ ഷട്ടറുകളിൽ ചിലത് തുറന്നു. പത്ത് ദിവസത്തേക്കാണ് ജലനിരപ്പ് ക്രമീകരിക്കുക. ഡിസംബർ ആറിന് വീണ്ടും എല്ലാ ഷട്ടറുകളും അടച്ച് ജലവിതാനം ഉയർത്തും. നവംബർ 16 ന് പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ പൂർണമായും അടച്ചിട്ട് ജലനിരപ്പ് 23 അടിയായി ഉയർത്തിയിരുന്നു. 26.52 അടിയാണ് ആകെ ജലനിരപ്പ് . പദ്ധതി പ്രദേശത്തെ സർക്കാർ നിശ്ചയിച്ച ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഒരാഴ്ച കൂടി ജലനിരപ്പ് 23 അടിയിൽ നിലനിർത്തും. പ്രവൃത്തി പൂർത്തിയായാൽ എഫ്.ആർ.എൽ നിരപ്പിൽ വെള്ളം സംഭരിക്കാൻ ആണ് തീരുമാനം. ഡിസംബർ രണ്ടാംവാരം മുഴുവൻ നിരപ്പിൽ വെള്ളം ശേഖരിക്കാൻ ആവും. ജപ്പാൻ കുടിവെള്ള പദ്ധതി അടക്കം വിവിധ കുടിവെള്ള വിതരണ പദ്ധതികൾക്ക് ജലഅതോറിറ്റി ആശ്രയിക്കുന്നത് പഴശ്ശി സംഭരണിയാണ്.