
ഉറച്ച കോട്ടയായിട്ടും 2005ൽ റിബൽ മൂലം കൈവിട്ട വാർഡ്
കാഞ്ഞങ്ങാട്: നഗരസഭയിലെ നാലാം വാർഡിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ.വി. സുജാതയുടെ കാര്യത്തിൽ എൽ.ഡി.എഫിൽ ആശങ്ക. 2010ൽ മുന്നണിയുടെ സ്ഥാനാർത്ഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.ലീല യു.ഡി.എഫിന്റെ പിന്തുണയോടെ ഇറങ്ങിയതാണ് എൽ.ഡി.എഫിന് തലവേദനയായത്. കഴിഞ്ഞ തവണ ചെയർമാനായ വി.വി.രമേശൻ വിജയിച്ച വാർഡുകൂടിയാണിത്.
പാർട്ടിക്ക് നല്ല സ്വാധീനമുള്ള വാർഡിൽ 2005 ൽ സമാനസാഹചര്യത്തിൽ സ്ഥാനാർത്ഥി പരാജയപ്പെട്ട അനുഭവമാണ് സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നത്. അന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ പ്രൊഫ. ബി. കരുണാകരനെ പൊതുസ്ഥാനാർത്ഥിയായി വന്ന പി. അശോകൻ പരാജയപ്പെടുത്തുകയായിരുന്നു. 2015ൽ സി.എം.പി ജില്ലാ സിക്രട്ടറി ബി. സുകുമാരനെയാണ് വി.വി. രമേശൻ പരാജയപ്പെടുത്തിയത്. ലീലയുടെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. വാർഡിൽ കുടുംബയോഗങ്ങളിലും കോർണർയോഗങ്ങളിലും ജില്ലാനേതാക്കൾ നേരിട്ട് വിമത പ്രശ്നം സംബന്ധിച്ച് വിശദീകരണം നൽകുന്നുണ്ട്.
ബീഡിത്തൊഴിലാളിയായ ലീലയുടെ കുടുംബം ഉറച്ച സി.പി.എമ്മുകാരാണ്. നിർമ്മാണത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ല നേതാവ് രാജന്റെ ഭാര്യയാണ് ലീല. രാജനും കുറച്ചു കാലമായി പാർട്ടിയുമായി അകന്ന് കഴിയുകയാണ്.
ആശങ്ക വർദ്ധിപ്പിച്ച് പി. ബേബിക്കെതിരെ എതിർസ്ഥാനാർത്ഥിയുടെ പരാതിയും
ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മടിക്കൈയിൽ നിന്ന് ജനവിധി തേടുന്ന പി. ബേബി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമെന്ന പദവി ഒഴിയാതെ പത്രിക നൽകിയെന്നാരോപിച്ച് എതിർസ്ഥാനാർത്ഥി നൽകിയ പരാതിയും ജില്ലയിൽ സി.പി.എമ്മിന് മുന്നിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ചട്ടലംഘനം ചൂണ്ടിക്കാട്ടി കോടതിയിൽ പോയാൽ നിയമപ്രശ്നങ്ങളിലേക്ക് നീളുമെന്നതാണ് ആശങ്കയ്ക്ക് പിന്നിൽ.
സർക്കാറിൽ നിന്ന് ഏതു വഴിയും പുറത്തേക്ക് വരുന്ന ധനം പ്രതിഫലമായി കൈപ്പറ്റുന്ന ഒരാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നാണ് ചട്ടം. പത്രിക സമർപ്പണത്തിന് 30 ദിവസം മുമ്പ് ഇത്തരം പദവികൾ ഒഴിഞ്ഞിരിക്കണം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡംഗ പദവി പി. ബേബി രാജിവെച്ചത് 2020 നവംബർ 16നാണ്. പത്രിക സമർപ്പിക്കുന്നത് നവംബർ 19നും. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗത്വം രാജിവെച്ചുവെന്ന് നാമനിർദ്ദേശപ്പത്രികയിൽ എഴുതിയിട്ടുണ്ടെങ്കിലും രാജി അംഗീകരിച്ചുള്ള ബോർഡിന്റെ കത്ത് ഹാജരാക്കിയിരുന്നില്ല..