പാനൂർ: പാട്യം ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിലെ 700 ഓളം വരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട വോട്ടർമാർക്ക് കോളനിയിൽത്തന്നെ പോളിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ഡി.സി.സി സെക്രട്ടറി കെ.പി സാജു തിരഞ്ഞെടുപ്പ് കമ്മിഷനോടാവശ്യപ്പെട്ടു. 1700 ഓളം വോട്ടർമാർക്ക് ചെറുവാഞ്ചേരി യു.പി സ്കൂളിൽ രണ്ട് പോളിംഗ് സ്റ്റഷനുകളിലാണ് വാർഡിലെ തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 872 വോട്ടുകളുള്ള രണ്ടാമത്തെ ബൂത്തിൽ 90 ശതമാനം ആദിവാസി വോട്ടർമാരാണുള്ളത്.
കണ്ണവം കോളനി, അറക്കൽ മല, വായൊട്ടും കാവ്, വെങ്ങളം കോളനി, കടവ് കോളനി, ഇളവാൻകൂൽ, മുണ്ടയാട് കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന ആദിവാസികളാണിവർ. ഇവർക്ക് പോളിംഗ് സ്റ്റേഷനിൽ എത്തിച്ചേരണമെങ്കിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം. കോളനികൾക്കിടയിൽത്തന്നെ പോളിംഗ് സ്റ്റേഷന് ആവശ്യമായ സൗകര്യമുള്ള ട്രൈബൽ സ്കൂൾ ഉണ്ട്. അങ്ങനെ സാധിച്ചില്ലെങ്കിൽ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനിൽ
എത്തിച്ചേരാനുള്ള യാത്രാസൗകര്യം സർക്കാർ തലത്തിൽ ഒരുക്കി കൊടുക്കണമെന്നും കെ.പി സാജു ആവശ്യപ്പെട്ടു.