labours
തലശ്ശേരി ടി.സി മുക്കിൽ തടിച്ചുകൂടിയ അന്യസംസ്ഥാന തൊഴിലാളികൾ

തലശ്ശേരി: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കൊവിഡ് 19 പ്രതിരോധ ജാഗ്രത കുറയുന്നതിൽ ആശങ്ക. മാസ്‌ക്കും സാമൂഹ്യ അകലവും കൈകളുടെ ശുചിത്വവുമെല്ലാം ആരോഗ്യവകുപ്പ് ആവർത്തിച്ച് ഓർമ്മപ്പെടുത്തുമ്പോഴും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഇത്തരം നിർദ്ദേശങ്ങളൊക്കെ ലംഘിക്കപ്പെടുകയാണെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ അധികൃതരും ശ്രദ്ധിക്കാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നത്.

തലശ്ശേരി ടൗൺ ഹാൾ ജംഗ്ഷൻ, ടി.സി മുക്ക് എന്നിവിടങ്ങളിൽ അതിരാവിലെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് എന്തുമാകാമെന്ന അവസ്ഥയാണുള്ളത്. കാലത്ത് ഏഴ് മണി മുതൽ നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ വന്നെത്തുന്നത്. ഇവിടെ എത്തിച്ചേരുന്ന യുവാക്കളും വയോധികരുമായ തൊഴിലാളികൾ ഉൾപ്പെടെ ഭൂരിഭാഗവും മാസ്‌ക്ക് ധരിക്കുകയോ, സാമൂഹ്യഅകലം പാലിക്കുകയോ ചെയ്യാറില്ല. പല ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന തൊഴിലാളികൾ തടിച്ചുകൂടി നിൽക്കുന്നതും, ഉച്ചത്തിൽ സംസാരിക്കുന്നതും പതിവു കാഴ്ചയാണ്. പാൻമസാലകളും, നിരോധിത പുകയിലകളും മുറുക്കി വഴിനീളെ പരസ്യമായും അലക്ഷ്യമായും തുപ്പുന്നതും ഇവരുടെ ഹോബിയായി പറയുന്നു.

തൊഴിലിടങ്ങളിലുമില്ല ജാഗ്രത

തൊഴിലാളികളെ ആവശ്യക്കാർ വന്ന് ജോലി സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് പതിവ്. ഇങ്ങിനെ പോകുന്ന തൊഴിലാളികൾ പല വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും അവിടങ്ങളിലുള്ളവരുമായി സമ്പർക്കപ്പെടുകയും ചെയ്യുന്നുണ്ട്. ജോലി സ്ഥലങ്ങളിലും ഇത്തരം തൊഴിലാളികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ലെന്നാണ് പറയുന്നത്. റോഡ് -പാലം തുടങ്ങി പൊതുനിർമ്മാണങ്ങളിലും മറ്റും ഏർപ്പെടുന്ന തൊഴിലാളികളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയുമുണ്ട്.