തളിപ്പറമ്പ്: രാത്രി ഡ്യൂട്ടിക്കിടയിൽ താലൂക്ക് ഓഫീസ് ജീവനക്കാരന് നായയുടെ കടിയേറ്റു. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജീവനക്കാരൻ കൊല്ലം ചവറ സ്വദേശി ജോഷി ഫെറിയക്കാണ് (34) ബുധനാഴ്ച രാത്രി നായയുടെ കടിയേറ്റത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുള്ള ജോഷി 24 മണിക്കൂറും ഡ്യൂട്ടിയിലായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ താലൂക്ക് ഓഫീസ് വളപ്പിൽ ഉണ്ടായിരുന്ന നായകളിലൊന്ന് പിറകെ വന്ന് തുടയിൽ കടിക്കുകയായിരുന്നു. ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ ആശുപത്രിയിൽ പോകാതെ ഡ്യൂട്ടിയിൽ തുടർന്ന ജോഷിയെ ഇന്നലെ രാവിലെ താലൂക്ക് ഓഫീസ് ജീവനക്കാർ ചേർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇവിടെ പ്രാഥമികമായ വാക്‌സിന്‍ എടുത്തുവെങ്കിലും രക്തസമ്മർദ്ദം കൂടി അദ്ദേഹം അബോധാവസ്ഥയിലായി. ഡ്രിപ്പ് നല്‍കി രണ്ടുമണിക്കൂർ നിരീക്ഷണത്തിൽ വെച്ച ശേഷമാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. താലൂക്ക് ഓഫീസ് വളപ്പിൽ തെരുവ് നായകൾ രാത്രി കാലങ്ങളിൽ തമ്പടിക്കാറുണ്ട്.