തളിപ്പറമ്പ്: പരിചരിക്കാൻ ആളില്ലാതെ മദ്ധ്യവയസ്കൻ ആശുപത്രി കിടക്കയിൽ. ആശുപത്രി അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. നെല്ലിപ്പറമ്പ് സ്വദേശിയും തളിപ്പറമ്പ് മാന്തംകുണ്ടിൽ താമസക്കാരനുമായ വെളിച്ചന്തോട് മോഹനൻ (54) ആണ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് വാർഡിൽ ചികിത്സയിൽ കഴിയുന്നത്.

ശ്വാസകോശാർബുദം ബാധിച്ച മോഹനൻ ഏതാനും വർഷങ്ങളായി ചികിത്സയിലാണ്. താലൂക്ക് ആശുപത്രിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുമായി ചികിത്സയിൽ കഴിഞ്ഞ മോഹനന് മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയയും നടത്തിയിരുന്നു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കൾ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് വീണ്ടും താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുറച്ച് ദിവസം ഒരു കൂട്ടിരിപ്പുകാരൻ ഉണ്ടായിരുന്നുവെങ്കിലും അയാൾ ദിവസക്കൂലിക്ക് വന്നതായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. നില അതീവ ഗുരുതരമായി തുടരുന്ന മോഹനന് ഇനി സാന്ത്വന ചികിത്സ മാത്രമാണ് നല്‍കാനുള്ളതെന്ന് ആശുപത്രിയിലെ നെഞ്ച് രോഗ വിദഗ്ദ്ധൻ വ്യക്തമാക്കിയിട്ടുണ്ട്.