manu
മനു (വലത്തുനിന്ന് രണ്ടാമത്) കളിക്കളത്തിൽ ഇന്ത്യൻ താരം മുഹമ്മദ് റാഫിയടക്കമുള്ളവരുമായി വിശേഷം പങ്കിടുന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂരുകാരുടെ പൊതുവെയുള്ള ഹൃദയവികാരമാണ് കാൽപ്പന്തുകളി. എന്തു തിരക്കുണ്ടെങ്കിലും ഫുട്ബാൾ എന്ന ജനകീയ കളികൾക്കു മുന്നിൽ എല്ലാം അടിയറവുവയ്ക്കുമെന്നത് ഈ നാടിന്റെ പ്രത്യേകത. അത് ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മനു.

തിരഞ്ഞെടുപ്പു പ്രചാരണ പരിപാടി കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും സൺഡെ ഫുട്ബാളിൽ പങ്കെടുക്കാൻ മറക്കാതെ ബൂട്ടും കെട്ടി ജർസിയുമണിഞ്ഞ് മൈതാനത്തിലെത്തിയ മനു സഹകളിക്കാർക്ക് ആവേശമായി. എല്ലാ ഞായറാഴ്ചകളിലും രാവിലെ തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ മനുവടക്കം പഴയവരും പുതിയവരുമായ ഫുട്ബാൾ താരങ്ങൾ കൂടിച്ചേരുകയെന്നത് വർഷങ്ങളായുള്ള ശീലമാണ്.

ഇന്ത്യൻ താരം മുഹമ്മദ് റാഫി, സന്തോഷ് ട്രോഫി താരങ്ങളായ എ. പ്രവീൺ കുമാർ, ടി.വി. ബിജുകുമാർ, എ.ജി. അസ്ലം, മുതിർന്ന താരങ്ങളായ വി.പി.പി.സിദ്ദീഖ്, സത്താർ, കെ.വി. മുകുന്ദൻ, എൻ. നാരായണൻ തുടങ്ങി തൃക്കരിപ്പൂരും പരിസരങ്ങളിലുമുള്ള സംസ്ഥാന, ജില്ലാ താരങ്ങളടക്കമുള്ളവരാണ് എല്ലാ ഞായറാഴ്ചകളിലും അതിരാവിലെ തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഒത്തുചേരുക. ഒരു മണിക്കൂർ നേരത്തെ സൗഹൃദ ഫുട്ബാളിന് ശേഷം വിശേഷങ്ങൾ പരസ്പരം പങ്കുവെച്ച് അടുത്ത ഞായറാഴ്ച വീണ്ടും കാണാമെന്ന് പറഞ്ഞാണ് പിരിയുക.

ഇത്തവണ സ്ഥാനാർത്ഥിയായിട്ടും ഞായറാഴ്ചത്തെ കളി മുടക്കാൻ മനു തയ്യാറായില്ല. പതിവുപോലെ കൃത്യമായി ബൂട്ടും ജേർസിയുമണിഞ്ഞ് മിനി സ്റ്റേഡിയത്തിലെത്തിയ സ്ഥാനാർത്ഥി താരത്തെ റാഫിയും കൂട്ടരും ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. പ്രചാരണച്ചൂടിലും കളിക്കാൻ സമയം കണ്ടെത്തിയ സ്ഥാനാർത്ഥിയോട് കുശലം ചോദിച്ച കൂട്ടുകാരോട് "കളി മറന്നൊരു കളിയില്ല" എന്നാണ് മനുവിന്റെ മറുമൊഴി.

ഒരു പൊതു പ്രവർത്തകൻ എന്നതിലുപരി നല്ലൊരു ഫുട്ബാളറും ഫുട്ബാൾ സംഘാടകനുമാണ് ലോക് താന്ത്രിക് ജനതാദളിന്റെ സജീവ പ്രവർത്തകനായ മീലിയാട്ടെ ഈ സോഷ്യലിസ്റ്റ് കുടുംബാംഗം. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ മൈതാനങ്ങളിൽ കളിച്ചും കളി സംഘടിപ്പിച്ചും പാരമ്പര്യമുള്ള മനുവിന് യുവാക്കൾക്കിടയിൽ വലിയൊരു സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വെള്ളാപ്പിലെ വിക്ടറി ക്ലബ്ബിന്റെ കളിക്കാരനാണ് മനു.