thenge

കൂത്തുപറമ്പ്: ഭർത്താവ് ജയകുമാറും മക്കളും നെഞ്ചിൽ ആധിയോടെ നിൽക്കുമ്പോഴായിരുന്നു 32 വയസുകാരിയായ ഷീജയുടെ ആദ്യ തെങ്ങുകയറ്റം. തെങ്ങിന്റെ മണ്ടയിൽനിന്ന് നോക്കുമ്പോൾ ആദ്യമൊക്കെ പേടി തോന്നിയിരുന്നു. അപ്പോഴെല്ലാം താഴെ നിർദ്ദേശങ്ങളുമായി ജയകുമാർ നില്പുണ്ടാവും. ഇപ്പോൾ സാധാരണ ജോലിപോലെയാണ് കൂത്തുപറമ്പിനടുത്ത് കണ്ണവം പൂഴിയോട്ടെ വിഷ്ണു നിവാസിൽ ഷീജയ്ക്ക് കള്ളുചെത്ത്. സാഹസികമായ ജോലി ചെയ്തതിന്റെ ക്രെഡിറ്റിനുവേണ്ടിയായിരുന്നില്ല അത്. വിധി വഴിമുടക്കി നിന്നപ്പോൾ രണ്ടു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ചേർത്തുപിടിച്ചു മുന്നോട്ട് പോവുകയായിരുന്നു ഷീജ. ആ ഉറച്ച നിലപാടാണ് കേരളത്തിലെ ആദ്യത്തെ കള്ളുചെത്ത് വനിത എന്ന നിലയിലേക്ക് ഈ വീട്ടമ്മയെ എത്തിച്ചത്.

ചെത്തു തൊഴിലാളിയായിരുന്ന ജയകുമാർ കഴിഞ്ഞ ഡിസംബറിൽ കള്ളുമായി കണ്ണവത്തെ ഷാപ്പിൽ പോകുന്നതിനിടയിൽ ബൈക്കിൽ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റു. വലതു കൈ മാസങ്ങളോളം നിശ്ചലമായിരുന്നു. അന്നുമുതൽ ഷീജയാണ് കുടുംബത്തിന്റെയും ജയകുമാറിന്റെയും വലംകൈ.

വീട്ടിലെ ദാരിദ്ര്യം കണക്കിലെടുത്ത് കള്ളുചെത്ത് തൊഴിലാക്കാൻ ആഗ്രഹിച്ചപ്പോൾ അപകടസാദ്ധ്യതമൂലം ആദ്യം പിന്തിരിപ്പിക്കുകയായിരുന്നു ജയകുമാർ. ഷീജയുടെ സഹോദരൻ കള്ളുചെത്തുന്നതിനിടെ തെങ്ങിൽ നിന്നുവീണ് കത്തി തുളഞ്ഞുകയറി മരിച്ചതായിരുന്നു കാരണം. എന്നാൽ, ഷീജയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഭർത്താവിന് സമ്മതം മൂളേണ്ടിവന്നു.

തെങ്ങ് കെട്ടാനും കയറാനും കുലയടിക്കാനും ചെത്താനും കള്ളെടുക്കാനുമെല്ലാം ഭർത്താവാണ് പഠിപ്പിച്ചത്. വീട്ടിലെ ചെറിയ തെങ്ങിലായിരുന്നു തുടക്കം. പിന്നീട് സമീപത്തെ ചെത്താൻ പാകമായ തെങ്ങ് കണ്ടുപിടിച്ചു. അനുവാദം ചോദിച്ചപ്പോൾ വീട്ടുകാർ അമ്പരന്നു. ഇപ്പോൾ അവരും ഹാപ്പിയാണ്.

രാവിലെ അടുക്കളജോലി കഴിഞ്ഞ് ഏഴുമണിയോടെ തെങ്ങിൽ കയറിത്തുടങ്ങും. മൂന്നുനേരങ്ങളിലായി അഞ്ചു തെങ്ങിൽ കയറും. എട്ടുമുതൽ 10 ലിറ്റർ വരെ കള്ള് ശേഖരിക്കും.

കൂട്ടിനുണ്ട് ചെമ്പൻനായ

കള്ളുചെത്തിന് ചെമ്പൻ എന്ന വളർത്തുനായയുടെ കൂട്ടുമുണ്ട്. ഷീജ തെങ്ങിൽക്കയറിയാൽ ഇറങ്ങുംവരെ ചെമ്പൻ തെങ്ങിനുചുറ്റും വലംവച്ചുനില്ക്കും. ആരോഗ്യം സാധരണ നിലയിലെത്തിക്കൊണ്ടിരിക്കുന്ന ജയകുമാറിന് വൈകാതെ കള്ളുചെത്താൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്. അപ്പോൾ ഭർത്താവിനോപ്പം ചെത്ത് തുടരാനുള്ള ഒരുക്കത്തിലാണ് ഷീജ.

ചെറുവാഞ്ചേരിയിലെ കർഷക കുടുംബത്തിൽ ജനിച്ച ഷീജയ്ക്ക് ഏഴാം ക്ലാസ് വരെയേ പഠിക്കാനായുള്ളൂ. ജയകുമാറിന്റെ 10 സെന്റ് സ്ഥലത്ത് ചെറിയ വീട് നിർമ്മിച്ചാണ് താമസം. കഴിഞ്ഞ പ്രളയത്തിൽ വീടിന് കാര്യമായ കേടുപറ്റിയിരുന്നു. തകർച്ച നേരിടുന്ന വീട്ടിൽ ഭാര്യയെയും മക്കളെയും തനിച്ചാക്കാൻ പ്രയാസമായപ്പോൾ ബംഗളൂരുവിലെ ജോലി ഉപേക്ഷച്ച് നാട്ടിലെത്തിയാണ് ജയകുമാർ കള്ളുചെത്തിലേക്ക് പ്രവേശിച്ചത്.