കാസർകോട് : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നേരത്തെ കണ്ടുവച്ച എതിരാളികൾക്കിട്ട് രണ്ട് കൊടുക്കാനും കൈയാങ്കളി കാട്ടി മറുപക്ഷത്തെ വിരട്ടാനും നിശ്ചയിച്ചവർ കരുതിയിരുന്നേ പറ്റു. ഉത്തരേന്ത്യയിൽ നിന്ന് ഇറക്കിയ ഉഗ്രശേഷിയുള്ള ഗ്രനേഡായിരിക്കും കുഴപ്പക്കാർക്കുള്ള മറുപടി. ഇത്തരം അറുന്നൂറോളം ഗ്രനേഡുകളാണ് കാസർകോട്ട് എത്തിച്ചിരിക്കുന്നത്.
കാലാവധി കഴിഞ്ഞ 600 ഓളം ഗ്രനേഡുകൾ നശിപ്പിച്ചാണ് പൊലീസ് സ്റ്റേഷനുകളിലേക്ക് പുതിയവ നൽകുന്നത്. ഡൈ മാർക്കർ ഗ്രനേഡ്, ടിയർ സ്മോക്ക് ഗ്രനേഡ്, സ്‌റ്റൺ ഷെൽ, സ്റ്റൺ ഗ്രനേഡ് തുടങ്ങിയ വിഭാഗത്തിലെ ഗ്രനേഡുകളാണ് കാസർകോട്ട് എത്തിച്ചിട്ടുള്ളത്. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും കൊണ്ടുവന്ന ഗ്രനേഡുകൾ ജില്ലയിലെ സംഘർഷ ബാധിത പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കും.
വളരെ ദൂരെ നിന്നുപോലും എറിഞ്ഞു പൊട്ടിച്ചാൽ വ്യത്യസ്ത ഫലങ്ങൾ കിട്ടുന്നതാണ് പുതിയ ഗ്രനേഡുകൾ. ആറു കൊല്ലമാണ് ഇതിന്റെ കാലാവധി. ചിലത് ഒമ്പതു കൊല്ലം വരെ ഉപയോഗിക്കാം. വടക്കേ ഇന്ത്യയിൽ നിന്നും മൊത്തമായി ഇറക്കുമതി ചെയ്യുന്ന ഗ്രനേഡുകൾ പൊലീസുകാർ ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് എല്ലാ ജില്ലകളിലേക്കും നൽകുകയാണ് ചെയ്യുന്നത്. നശിപ്പിക്കുന്നതിന്റെയും പുതിയതിന്റെയും വ്യക്തമായ കണക്കുകളും രേഖയും സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.
കാസർകോട് ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും പാറക്കട്ടയിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് വിവിധയിനം ഗ്രനേഡുകൾ പ്രയോഗിക്കുന്നതിന് പരിശീലനം നൽകി. ഇന്നും പരിശീലനം തുടരും. 485 ഓളം ഗ്രനേഡുകൾ ഇതിനായി ഉപയോഗിച്ചു. ഡിവൈ.എസ്.പി മാർ, സി.ഐമാർ, എസ്.ഐ മാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ റാങ്കിൽ ഉള്ളവർ പരിശീലനം നേടുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
നീറിപ്പുകയും, കളറിൽ മുങ്ങും
ആളപായം സംഭവിക്കില്ല. എങ്കിലും ശരീരമാകെയും കണ്ണിലും കഠിനമായ നീറ്റൽ അനുഭവപ്പെടും. ചിതറി തെറിക്കുന്ന മെറ്റൽ ചീളുകൾ കൊണ്ടാൽ ശരീരത്തിലാകെ മുറിവുണ്ടാകും. ചിലയിനം ഗ്രനേഡ് പൊട്ടിച്ചാൽ അതിലെ കളറുകൾ ഷർട്ടിലും മുണ്ടിലും പറ്റിപ്പിടിക്കും. ലഹളക്കാരെ തിരിച്ചറിഞ്ഞു പിടികൂടാൻ പൊലീസിന് ഇത് സഹായകമാകും. ലഹളക്കാരുടെ അകലം നിരീക്ഷിച്ചാണ് അവരുടെ ഇടയിൽ വീണുപൊട്ടുന്ന തരത്തിൽ ഗ്രനേഡുകൾ എറിയുക.
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്രമസമാധാനപാലനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രനേഡ് പ്രയോഗിക്കാൻ വിദഗ്ധ പരിശീലനം നൽകുന്നത്.
ഡി. ശിൽപ ( കാസർകോട് ജില്ലാ പൊലീസ് മേധാവി)