കാസർകോട്: സമഗ്ര ജില്ലാ വികസന പദ്ധതി തയ്യാറാക്കി നടപ്പാക്കുമെന്ന് എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക. സമഗ്ര വികസനത്തിന് സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട് എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം. ഉത്പാദനധിഷ്ടിതമായിരിക്കും സമഗ്രവികസനം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. തൊഴിലിൽ സ്ത്രീകൾക്ക് പ്രാമുഖ്യം നൽകും. പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം ഉറപ്പാക്കും.
എല്ലാ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കും. ജലസുരക്ഷാ ജില്ലയാക്കും. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചും ഹരിതകേരളം മിഷന്റെ സഹകരണത്തോടെയും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണും. സീറോ വേസ്‌റ്റ് കാസർകോട് ലക്ഷ്യമാക്കും. പച്ചത്തുരുത്തുകൾ വ്യാപിക്കും. കോവിഡാനന്തര ജില്ലയുടെ അതിജീവനത്തിന് മാസ്‌റ്റർ പ്ലാൻ തയ്യാറാക്കും. ജില്ലാ പഠന കോൺഗ്രസ് സംഘടിപ്പിച്ച് വിഷൻ 2050 തയ്യാറാക്കും. കാസർകോട് പ്രസ്‌ക്ലബിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി സതീഷ്‌ചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാട് എന്നിവരാണ് പ്രകടന പത്രിക പ്രകാശനം ചെയ്‌തത്.