കണ്ണൂർ: തിരഞ്ഞെടുപ്പുകളിൽ ക്രമസമാധാന പ്രശ്നങ്ങൾ കൂടുതലായി ഉണ്ടായ ഭൂരിഭാഗം പോളിംഗ് സ്റ്റേഷനുകളെയും ഒഴിവാക്കി പ്രശ്നബാധിത ബൂത്തുകളായി സർക്കാർ തയ്യാറാക്കിയ ലിസ്റ്റ് സി.പി.എം അജണ്ടയുടെ ഭാഗമാണെന്നും പൊലീസ് തയ്യാറാക്കി നല്കിയ ലിസ്റ്റ് നീതിപൂർവ്വകമായതല്ലെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

നീതിപൂർവ്വകമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരി കൂടിയായ ജില്ലാ കളക്ടറെ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും യു.ഡി.എഫ് ജില്ലാ ചെയർമാർ പി.ടി. മാത്യുവും നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവാവസ്ഥ ധരിപ്പിച്ചു.

അക്രമ സാദ്ധ്യത നിലനിൽക്കുന്ന 608 പോളിംഗ് ബൂത്തുകളുടെ ലിസ്റ്റ് കളക്ടർക്ക് കൈമാറി. ക്രമസമാധാന പ്രശ്നമുണ്ടാകാറുള്ള ബൂത്തുകളിൽ വെബ് ക്യാമറയും ആവശ്യമായ സുരക്ഷയും ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ഓപ്പൺ വോട്ടുകളായി അമിതമായി വോട്ടർമാരെ ബോധപൂർവ്വം സൃഷ്ടിക്കുന്നതിന് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ഓർഫനേജുകളിൽ കഴിയുന്ന വോട്ടർമാർക്ക് വേണ്ട വാഹന സൗകര്യം ഇലക്ഷൻ കമ്മീഷൻ നേരിട്ട് ഒരുക്കണമെന്നും നേതാക്കൾ കലക്ടറോട് ആവശ്യപ്പെട്ടു.