pavitran
എം.ആർ.പവിത്രൻ

തളിപ്പറമ്പ്: സി.പി.ഐ.എം.എൽ മുൻ സംസ്ഥാനനേതാവും സിനിമാ-സീരിയൽ നടി നിഖില വിമലിന്റെ പിതാവുമായ എം.ആർ.പവിത്രൻ(61) നിര്യാതനായി. കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കണ്ണൂരിൽ വർഷങ്ങൾക്ക് മുമ്പ് ചൂതാട്ടസംഘം കൊലപ്പെടുത്തിയ ജനകീയ സാംസ്‌ക്കാരികവേദി പ്രവർത്തകൻ കെ.രമേശന്റെ കൊലപാതകകേസിലെ പ്രതി ചട്ട രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായി ആറ് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ച പവിത്രന് ഇതിന്റെ പേരിൽ ജോലി പോലും നഷ്ടപ്പെട്ടിരുന്നു.

സി .പി .ഐ.എം.എൽ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്ന പവിത്രൻ മികച്ച പ്രഭാഷകനും വാഗ്മിയുമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നിന്നും വിരമിച്ച ശേഷം തളിപ്പറമ്പ് തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടൻ റോഡിലായിരുന്നു താമസം. പരേതനായ സി.കെ.രാമൻ നമ്പ്യാരുടേയും ദേവകി അമ്മയുടേയും മകനാണ്. ഭാര്യ: കലാമണ്ഡലം വിമലാ ദേവി , അഖിലയാണ് മറ്റൊരു മകൾ. സഹോദരങ്ങൾ: മദനവല്ലി ,പുഷ്പ, മഹേന്ദ്രൻ ,മേശൻ, ജയലത (എറണാകുളം) പരേതനായ രാജേശ്വരി.