abdu
മഠത്തിൽ അബ്ദു

കണ്ണൂർ: കന്നിവോട്ട് ചെയ്യുന്നതിലുള്ള ആവേശത്തിലാണ് 65കാരനായ പരിയാരം പുളിയൂൽ സ്വദേശി മഠത്തിൽ അബ്ദു. ജീവിക്കാൻ വേണ്ടി പ്രവാസ ജീവിതം തിരഞ്ഞെടുത്തതോടെയാണ് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താൻ അബ്ദുവിന് ഇതുവരെ കഴിയാതെ പോയത്. അതുകൊണ്ടു തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ കന്നി വോട്ട് രേഖപ്പെടുത്തുന്നതിലുള്ള സന്തോഷത്തിലാണ് ഇദ്ദേഹം.

തന്റെ 18ാം വയസിലാണ് കുടുംബ പ്രാരാബ്ദങ്ങളുമായി അബ്ദു വിദേശത്തേക്ക് പറക്കുന്നത്. ബഹ്‌റൈനിലായിരുന്നു ജോലി. ഇടയ്ക്കൊക്കെ അവധിക്ക് നാട്ടിലെത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പും അവധിയും ഒരുമിച്ച് വന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതോടെയാണ് വോട്ട് ചെയ്യാനുള്ള അവസരമായത്.

നാട്ടിലെത്തി നാട്ടിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയുമായി മുന്നോട്ടു പോവുകയാണ് അബ്ദു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. പുളിയൂൽ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് അബ്ദുവിന് വോട്ട്. എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടത് എന്നൊക്കെ തനിക്കറിയാമെന്ന് അബ്ദു പറയുന്നു.

ആര് ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നുമുള്ള തീരുമാനത്തിൽ ഭാഗവാക്കാവുന്നതിൽ സന്തോഷമുണ്ട്. നാടിന്റെ വികസനത്തിനും നന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് മാത്രമേ തന്റെ ആദ്യ വോട്ട് നൽകൂ

മഠത്തിൽ അബ്ദു