കാസർകോട്: പാറക്കട്ട എ.ആർ ക്യാമ്പിൽ പരിശീലനത്തിനിടെ പൊട്ടാത്ത ഗ്രനേഡ് നിർവ്വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനും ജീവനക്കാരനും ഗുരുതര പരിക്ക്. കാസർകോട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ അണിഞ്ഞയിലെ സുധാകരൻ (45), ക്ലാസ് ഫോർ ഗ്രേഡ് ജീവനക്കാരൻ കാഞ്ഞങ്ങാട് സ്വദേശി പവിത്രൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നേരത്തെ അസുഖത്തിന് ചികിത്സ നടത്തിവരുന്നതിനാൽ സുധാകരനെ അങ്ങോട്ടുമാറ്റി. ഇരുവരും അപകടനില തരണം ചെയ്തു.

മുഖത്തും കണ്ണിനുമാണ് ഇരുവരുടെയും പരിക്ക്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. പരിശീലനത്തിന്റെ ഭാഗമായി എറിഞ്ഞ ഒരു ഗ്രനേഡ് പൊട്ടിയിരുന്നില്ല. ഇവയെല്ലാം കൂട്ടിയിട്ട് വെള്ളം ഒഴിക്കുകയാണ് പതിവ്. ഇതിനായി ഗ്രനേഡ് കൈ കൊണ്ട് എടുക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സുരക്ഷാ നടപടിയുടെ മുന്നോടിയായാണ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ടുദിവസമായി വിവിധ തരം ഗ്രനേഡ് പ്രയോഗത്തെ കുറിച്ച് പാറക്കട്ടയിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ പരിശീലനം നൽകുന്നത്.

45 ഓളം ഇനം ഗ്രനേഡുകളിലാണ് പരിശീലനം നൽകുന്നത്. ഡിവൈ.എസ്.പി മുതൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ വരെ റാങ്കിലുള്ളവർക്കാണ് പരിശീലനം. കാലാവധി കഴിഞ്ഞ മുഴുവൻ ഗ്രനേഡുകളും നശിപ്പിച്ച് പുത്തൻ ഗ്രനേഡുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. 600 ഗ്രനേഡുകൾ നശിപ്പിച്ച ശേഷം അത്രയും പുതിയ ഗ്രനേഡുകൾ ജില്ലയിൽ എത്തിക്കുകയായിരുന്നു. കാസർകോട് എ.ആർ ക്യാമ്പ് അസിസ്റ്റന്റ് കമാണ്ടന്റിന്റെയും റിസർവ് ഇൻസ്‌പെക്ടറുടെയും തസ്തിക നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. സീനിയർ എസ്.ഐ രവീന്ദ്രനാണ് എ.ആർ ക്യാമ്പിന്റെ ചുമതല നിർവ്വഹിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദ്ദേശ പ്രകാരമാണ് ക്യാമ്പിൽ പരിശീലനം നല്കിവന്നിരുന്നത്.

പൊട്ടാത്ത ഗ്രനേഡുകൾ കൂട്ടിയിട്ട് വെള്ളം ഒഴിച്ചു നിർവ്വീര്യമാക്കുകയാണ് പതിവ്. അപ്രതീക്ഷിതമായുണ്ടായ അപകടം ദൗർഭാഗ്യകരമായി. പൊട്ടാത്ത ഗ്രനേഡ് നിർവ്വീര്യമാക്കുന്നതിനായി കുനിഞ്ഞെടുക്കുമ്പോൾ ആണ് പൊട്ടിത്തെറിച്ചത്.

ഹരിശ്ചന്ദ്ര നായ്ക്ക് (ഡിവൈ.എസ്.പി,​ കാസർകോട് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്)