തളിപ്പറമ്പ്: തെരുവുനായയുടെ അക്രമണം നിരന്തരം ഉണ്ടാവുന്ന സാഹചര്യത്തിൽ തൊഴിലിടത്ത് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിലെയും മിനി സിവിൽ സ്റ്റേഷനിലെയും ജീവനക്കാർ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ദുരന്തനിവാരണ വിഭാഗം ജീവനക്കാരനായ ജോഷി ഫെറിയ എന്ന ജീവനക്കാരനെ ഓഫീസ് കോമ്പൗണ്ടിൽ വെച്ച് തെരുവു നായ കടിച്ചിരുന്നു.

ജീവനക്കാരുടെ പാർക്കു ചെയ്ത മോട്ടോർ സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നശിപ്പിക്കുന്നതും പതിവായിരുന്നു. കൂടാതെ താലൂക്ക് ഓഫീസിലേക്കും മറ്റു ഓഫീസുകളിലേക്കും വരുന്ന പൊതുജനങ്ങൾക്ക് നേരെയും തെരുവുനായ്ക്കൾ കൂട്ടത്തോടെ കുരച്ചു ചാടാറുണ്ട്. ചില സ്വകാര്യ വ്യക്തികൾ താലൂക്ക് ഓഫീസിൽ കോമ്പൗണ്ടിൽ അനധികൃതമായി പ്രവേശിച്ച് തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതു കൊണ്ടാണ് കോമ്പൗണ്ടിൽ തെരുവു നായ്ക്കൾ വർദ്ധിച്ചിരിക്കുന്നതെന്നാണ് പരാതി.

ഡ്യൂട്ടി ബഹിഷ്കരിച്ച ജീവനക്കാർ താലൂക്ക് ഓഫീസിലെ ഗാന്ധി പ്രതിമക്കു ചുറ്റും വലയം തീർത്തു. ജീവനക്കാരുടെ ഐക്യവേദിക്കു വേണ്ടി പി.സി. സാബു, സി. ഹാരിസ്, കെ അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പി.വി. വിനോദ് , ബിനിൽ ആന്റണി, ജസ്റ്റിൻ വർഗ്ഗീസ്, സി.കെ. രാഘവൻ, കെ.വി. പ്രശാന്തൻ നേതൃത്വം നല്കി.