തലശ്ശേരി: ഓട്ടോ കൂലി തർക്കത്തെ തുടർന്ന് തലക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും. കഴിഞ്ഞ വർഷം സെപ്തംബർ 22 ന് കീഴൂർ പയഞ്ചേരി വികാസ് നഗർ എന്ന സ്ഥലത്ത് ചെന്നയ്യൻ എന്നയാളുടെ വീട്ടിൽ താമസിക്കുന്ന ജെ.സി.ബി ഓപ്പറേറ്ററായ മുരുകൻ എന്നയാളെയാണ് നാട്ടുകാരനായ സെൽവരാജ് എന്നയാൾ വാക് തർക്കത്തെ തുടർന്ന് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചത്.
ഇയാൾക്ക് തലയോടിന് ഗുരുതരമായ പരിക്കു പറ്റിയിരുന്നു. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശികളാണ് മുരുകനും പ്രതി സെൽവരാജനും. ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ നടപടികൾ വേഗത്തിലാക്കുകയും തലശ്ശേരി അസി: ജില്ലാ സെക്ഷൻസ് കോടതിയിൽ സാക്ഷി വിസ്താരം പൂർത്തിയാക്കുകയും ചെയ്തിരുന്നു. അതിനിടയിൽ കോടതി ജഡ്ജി വി.എൻ വിജയകുമാർ സ്ഥലം മാറിപോകുകയും, ഹൈക്കോടതി നിർദ്ദേശം നിലവിലുള്ളതിനാൽ അസി. ജില്ലാ സെഷൻസ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയുകയുമായിരുന്നു.