asokan
പെട്രോൾ,​ഡീസൽ,​പാചകവാതകവിലവർദ്ധനവിനെതിരെ അശോകൻ പെരിങ്ങാര പ്രതീകാത്മക തൂങ്ങിമരണം നടത്തുന്നു

ചെറുവത്തൂർ: ജനദ്രോഹ നടപടികൾക്കെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കാറുള്ള അശോകൻ പെരിങ്ങാര ഇത്തവണ പ്രതീകാത്മകമായി തൂങ്ങിമരണം അവതരിപ്പിച്ച് വീണ്ടും സാന്നിദ്ധ്യമറിയിച്ചു. ദിനംതോറും ഉയരുന്ന പെട്രോൾ, ഡീസൽ, പാചക വാതകമടക്കമുള്ള ഇന്ധനവില വർദ്ധനവ് സാധാരണക്കാരനെ മരണാസന്നനാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഈ ഒറ്റയാൾ പോരാളി.

ചെറുവത്തൂർ ദേശീയപാതയിൽ, സമര ചരിത്രമുറങ്ങുന്ന തേജസ്വിനിയുടെ തീരത്തെ മയ്യിച്ച പാലത്തിനടുത്ത പാലമരമാണ് അശോകൻ കഴുത്തിൽ കയറു കെട്ടി "തൂങ്ങാൻ " തിരഞ്ഞെടുത്തത്. ജനവിരുദ്ധ കേന്ദ്രനയത്തിനെതിരെ ജീവിക്കാൻ അനുവദിക്കുക എന്ന പോസ്റ്ററും ശരീരത്തിൽപ്രദർശിപ്പിച്ചു കൊണ്ടുള്ള അശോകന്റെ തൂങ്ങൽ സമരം കണ്ടറിഞ്ഞ് അതുവഴിയുള്ള നൂറുകണക്കിന് വാഹനയാത്രക്കാർ അഭിവാദ്യമർപ്പിച്ചു. രണ്ടു മണിക്കൂർ നേരം കഴുത്തിൽ കുരുക്കിട്ട് നിന്ന തൂങ്ങൽ സമരത്തിന് പിന്തുണയുമായി ഭാര്യ സ്മിതയും, മകൻ അൻവിതും മരത്തിന് കീഴെയുണ്ടായിരുന്നു.

നോട്ട് നിരോധനത്തിനെതിരെ 12 മണിക്കൂർ ശവപ്പെട്ടിയിൽ കിടക്കൽ, റബ്ബർ വിലയിടിവിനെതിരെ പിറകോട്ട് നടക്കൽ, കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒറ്റയാൾ പ്രയാണം, വിലക്കയറ്റത്തിനെതിരെ തലയിൽ അടുപ്പുക്കൂട്ടി നടക്കൽ, പെൺകുട്ടികൾക്കുള്ള ആക്രമണത്തിനെതിരെ നില്പ് സമരം എന്നിവ നടത്തി ശ്രദ്ധേയനായ അശോകന്റെ പതിനഞ്ചാമത് ഒറ്റയാൾ സമരമാണിത്. ചീമേനി കാക്കടവിൽ തട്ടുകട നടത്തി ഉപജീവനം നടത്തുന്ന പെരിങ്ങാര സ്വദേശിയായ അശോകൻ, സാധാരണക്കാരന്റെ പ്രതിനിധിയായിട്ടാണ് ഇത്തരം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്.