തൃക്കരിപ്പൂർ: എതിരഭിപ്രായം പറയുന്നവരെ ജയിലിലടക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ബി.ജെ.പിയുടെയും കേരളത്തിലെ പിണറായി വിജയന്റെയും സർക്കാരുകളെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ യു.ഡി.എഫ് സംഗമം വൾവക്കാട് ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ എൽ.ഡി.എഫ് ഭരണം വികസനത്തെ പിന്നോട്ടടിച്ചുവെന്നും ഉത്തരമലബാറിനോട് അവഗണന കാട്ടുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കാസർഗോഡ് ഏറെ പ്രതീക്ഷയർപ്പിച്ച മെഡിക്കൽ കോളേജിനായി കഴിഞ്ഞ നാലര വർഷമായി ഒരു പ്രവർത്തനവും ഇടതു ഭരണം ചെയ്തില്ലെന്നും കാസർകോട് പാക്കേജ് കൊണ്ടുവന്ന യു.ഡി.എഫ് തുടർന്നും അധികാരത്തിലില്ലാത്തതാണ് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഡിവിഷൻ ചെയർമാൻ അഡ്വ. എം.ടി.പി. കരീം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ജനറൽ കൺവീനർ അഡ്വ. കെ.കെ. രാജേന്ദ്രൻ, നേതാക്കളായ പി.ടി. മാത്യു, എ.ജി.സി. ബഷീർ, കെ.പി. കുഞ്ഞിക്കണ്ണൻ, പി.കെ. ഫൈസൽ, വി.കെ. ബാവ, കെ. ശ്രീധരൻ, എസ്. കുഞ്ഞഹമ്മദ്, കെ.വി. മുകുന്ദൻ, കെ.പി. ദിനേശൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഷാജി തൈക്കീൽ, ഒളവറ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ടി.എസ്. നജീബ് എന്നിവർ പ്രസംഗിച്ചു.