
കണ്ണൂർ :തില്ലങ്കേരി ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥി ജോർജ് കുട്ടി ഇരുമ്പുകുഴി മരിച്ചതിനെ തുടർന്ന് ഡിവിഷനിലേക്കുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി വരണാധികാരിയായ ജില്ലാ കളക്ടർ ടി. വി. സുഭാഷ് അറിയിച്ചു.
കഴിഞ്ഞ ദിവസം ആറളം ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് യു.ഡി.എഫ് നീക്കിവച്ച സീറ്റിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാസെക്രട്ടറിയായ ജോർജുകുട്ടിയെ മത്സരിപ്പിക്കുകയായിരുന്നു.
പഞ്ചായത്ത് ആക്ട് 68ാം വകുപ്പ് 
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള തീയതിക്ക് ശേഷം വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പായി സ്ഥാനാർത്ഥി മരിച്ചാൽ അദ്ദേഹം മത്സരിക്കുന്ന മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും അവിടെ പുതുതായി തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കണമെന്നുമാണ് 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 68ാം വകുപ്പിലെ വ്യവസ്ഥ ചെയ്യുന്നത്.