
മട്ടന്നൂർ: ജില്ലാ പഞ്ചായത്ത് ഡിവിഷനായ കൂടാളിയിൽ കനത്ത പോരാട്ടമാണ് ഇക്കുറി. കഴിഞ്ഞതവണ സി.പി.ഐയിലെ മഹിജ 3,551 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെനിന്ന് വിജയിച്ചത്. ഇക്കുറി അട്ടിമറിയുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. ബി.ജെ.പിയും ആത്മവിശ്വാസത്തിലാണ്. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിക്ക് 1,240 വോട്ട് കഴിഞ്ഞതവണ ഇവിടെ ലഭിച്ചിരുന്നു.
ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാനായിരുന്ന വി.കെ. സുരേഷ്ബാബുവാണ് ഡിവിഷനിൽ സി.പി.ഐ. സ്ഥാനാർത്ഥി. മികച്ച വാഗ്മിയായ ഇദ്ദേഹം കഴിഞ്ഞതവണ കോളയാട് ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവും യുവകലാസാഹിതി ജില്ല വൈസ് പ്രസിഡന്റും കില ഫാക്കൽട്ടിയുമാണ്. 20 വർഷത്തെ അദ്ധ്യാപന ജീവിതം കൊണ്ടുണ്ടായ ബന്ധങ്ങൾ വോട്ടായി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിലെ കെ.സി. മുഹമ്മദ് ഫൈസൽ. വാരം സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ, ഡി.സി.സി ജനറൽ സെക്രട്ടറി, എസ്.എൻ. കോളേജ് മുൻ യുണിയൻ ചെയർമാൻ, ചക്കരക്കല്ല് ബിൽഡിംഗ് മെറ്റീരിയൽ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. കഴിഞ്ഞ തവണ പാട്യം ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നു.
ബി.ജെ.പി ജില്ലാകമ്മിറ്റി അംഗം ബേബി സുനാഗർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. മയ്യിൽ ഡിവിഷനിൽ നിന്ന് കഴിഞ്ഞ തവണ ജനവിധി തേടിയിരുന്നു. എ.ബി.വി.പി ജില്ല പ്രമുഖ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഏഴു ഭാഷകൾ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം ബിരുദാനന്തര ബിരുദ ധാരിയും പ്രവാസി വ്യവസായിയുമാണ്.
അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഏഴും കൊളച്ചേരിയിലെ മൂന്നും ചെമ്പിലോട്ടെ രണ്ടും കൂടാളിയിലെ പത്തും കീഴല്ലൂരിലെ ആറും വാർഡുകളാണ് കൂടാളി ഡിവിഷനിലുള്ളത്. കൊളച്ചേരി ഒഴികെയുള്ള പഞ്ചായത്തുകളിൽ ഭരണം എൽ.ഡി.എഫിനാണ്. കാഞ്ഞിരോട്, തലമുണ്ട, മൗവ്വഞ്ചേരി, കാനച്ചേരി, മുഴപ്പാല, കൂടാളി, എടയന്നൂർ എന്നീ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ കൂടാളി ഡിവിഷന്റെ പരിധിയിലാണ്.
സ്ഥാനാർത്ഥി മൊഴി
ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതും ഇടതിന്റെ ഉറച്ച കോട്ടയെന്നതും വലിയ പ്രതീക്ഷയാണ്.നല്ല ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.
വി.കെ. സുരേഷ് ബാബു (എൽ.ഡി.എഫ്)
കഴിഞ്ഞതവണ കീഴല്ലൂർ പഞ്ചായത്തിൽ കോൺഗ്രസും മുസ്ലിംലീഗും വേറിട്ടാണ് മത്സരിച്ചത്. ഇത്തവണ യു.ഡി.എഫ് ഐക്യത്തിലാണ്. വെൽഫെയർ പാർട്ടിയുടെ സ്വാധീനവും വിജയം ഉറപ്പിക്കും.
കെ.സി. മുഹമ്മദ് ഫൈസൽ (യു.ഡി.എഫ്)
ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനകീയ പദ്ധതികൾ വോട്ടായി മാറും. എൻ.ഡി.എക്ക് വലിയ വിജയ പ്രതീക്ഷയാണ്.
ബേബി സുനാഗർ(എൻ.ഡി.എ)