കാഞ്ഞങ്ങാട്: കൊവിഡ് പിടിമുറുക്കിയ കാലത്ത് മാനസികമായും ശാരീരികമായും ഒറ്റപ്പെട്ട വൃദ്ധർ പുത്തൻ പ്രഭാതത്തിനായി കാത്തിരിക്കുന്നു. കൊവിഡ് ഭയത്താൽ പ്രഭാത സവാരിയും വൈകുന്നേരങ്ങളിലെ കൂട്ടായ്മകളും നഷ്ടപ്പെട്ട വൃദ്ധർ മാനസികമായും ശാരീരികമായും തളർന്ന നിലയിലാണ്. വെള്ളിക്കോത്തെ റിട്ട: അദ്ധ്യാപകനും പ്രഭാഷകനുമായിരുന്ന പി.പി ഗംഗാധരൻ നായർ കൊവിഡ് കാരണം വീട്ടിൽ വിശ്രമത്തിലാണ്. ദിവസവും പ്രഭാത സവാരിയും വൈകുന്നേരങ്ങളിലെ കൂട്ടായ്മയും മുടങ്ങിയിട്ട് മാസം എട്ട് കഴിഞ്ഞു.

വൃദ്ധരിൽ പലരും ഇത്തവണ വോട്ട് ചെയ്യാൻ തന്നെ താൽപര്യപ്പെടുന്നില്ല. കൊവിഡ് ഭീഷണിയാണ് പ്രശ്നം. ആരോഗ്യ- മാനസിക സമ്മർദ്ദം വയോജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകൾ പോലും അന്യമായ ഇവർക്ക് പുതുതലമുറയുടെ ലോകത്തെയും ഭയമാണ്. കിലോമീറ്ററുകൾ പ്രഭാത സവാരി നടത്തിയിരുന്ന പലരും വീട്ടിലിരുന്ന് ആരോഗ്യം മോശമായി. ആവശ്യത്തിന് മെഡിക്കൽ സഹായം തേടാൻ പോലും കഴിയാത്ത സ്ഥിതിയായി. പകൽ വിശ്രമ കേന്ദ്രങ്ങളും പൊടി പിടിക്കാൻ തുടങ്ങി. അജാനൂർ പഞ്ചായത്തിലെ പുതിയ പകൽ വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞുതന്നെ കിടക്കുകയാണ്.

കൊവിഡ് കാരണം വീട്ടിൽ വിശ്രമത്തിലാണ്. പ്രഭാത സവാരിയും വൈകുന്നേരങ്ങളിലെ കൂട്ടായ്മയും മുടങ്ങിയിട്ട് മാസം എട്ട് കഴിഞ്ഞു. ഇപ്പോൾ പുറത്തിറങ്ങാൻ തന്നെ ആരോഗ്യം സമ്മതിക്കുന്നില്ല.

റിട്ട: അദ്ധ്യാപകനും പ്രഭാഷകനുമായ പി.പി ഗംഗാധരൻ നായർ