election

പയ്യന്നൂർ: ഗ്രാമ പഞ്ചായത്ത് രൂപീകരണം മുതൽ ഇതുവരെ എൽ.ഡി.എഫ്. മാത്രം ഭരിച്ചിട്ടുള്ള പയ്യന്നൂരിൽ, നഗരസഭ ഭരണം പിടിക്കുമെന്നുറപ്പിച്ച യു.ഡി.എഫ് കനത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ബ്ലോക്ക്‌, മണ്ഡലം നേതാക്കളെ ഉൾപ്പെടെയുള്ള ചിരപരിചിതരായ സ്ഥാനാർത്ഥികളെ ഇറക്കിയാണ് ഇക്കുറി പയ്യന്നൂരിൽ യു.ഡി.എഫിന്റേത്.

പ്രമുഖ നേതാക്കൾക്കൊപ്പം യുവനിരകളെ കൂടി രംഗത്തിറക്കിയാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത് .

44 വാർഡുകളുള്ള നഗരസഭയിൽ 59,595 വോട്ടർമാരാണുള്ളത്. കഴിഞ്ഞ പ്രാവശ്യം 33 സീറ്റിൽ എൽ.ഡി.എഫും 11 സീറ്റിൽ യു.ഡി.എഫുമാണ് നഗരസഭയിൽ വിജയിച്ചിരുന്നത്. ഈ പ്രാവശ്യം 23 വാർഡുകളിൽ എൽ.ഡി.എഫ്, യു.ഡി.എഫ്. സ്ഥാനാർത്ഥികൾ നേർക്കുനേർ മത്സരിക്കുമ്പോൾ 19 വാർഡുകളിൽ ത്രികോണ മത്സരമുണ്ട്. രണ്ട് വാർഡുകളിൽ സ്വതന്ത്രർ മത്സരിക്കുന്നുണ്ട്.

അതേസമയം യു.ഡി.എഫിന് റിബലുകളെ അടക്കം നേരിടണമെന്ന ഭീഷണി കൂടി നേരിടേണ്ടിവരുന്നുണ്ട്. 33ാം വാർഡായ തായിനേരി വെസ്റ്റിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ എ.എം.നിസാറിനെതിരെ മുൻപ് മൂന്നുതവണ കൗൺസിലറായിരുന്ന ലീഗിലെ പ്രാദേശിക നേതാവ് എം. ബഷീർ വിമതനായി രംഗത്തുണ്ട്. ബഷീറിനെ ലീഗ് നേതൃത്വം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എൻ.സി.പിയിലെ എ.വി. തമ്പാനാണ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി. എൻ. ഡി.എ.യിലെ പി.കെ.സുജിത്ത് കുമാറും രംഗത്തുണ്ട്. 1348 വോട്ടർമാർ ഉള്ള വാർഡിൽ കഴിഞ്ഞ തവണ മുസ്ലീം ലീഗിലെ എം.കെ. ഷമീമ 210 വോട്ടിനും അതിന് മുൻപ് എം. ബഷീർ 330 വോട്ടിനുമാണ് വിജയിച്ചത്.

കഴിഞ്ഞ പ്രാവശ്യം വെറും ഏഴ് വോട്ടിന് പരാജയപ്പെട്ട കൊറ്റി (24 ), 14 വോട്ടിന് പരാജയപ്പെട്ട ചിറ്റാരിക്കൊവ്വൽ (15) വാർഡുകൾക്കൊപ്പം, അന്നൂർ കിഴക്കെക്കൊവ്വൽ (38) , ശാന്തിഗ്രാമം (39) , അന്നൂർ വെസ്റ്റ് (41) തുടങ്ങിയ വാർഡുകളിലും വിജയിച്ച് ഏറ്റവും ചുരുങ്ങിയത് 38 വാർഡുകളിലെങ്കിലും വിജയക്കൊടി പാറിച്ച് ഭരണ തുടർച്ച നിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഇടതുമുന്നണി കഠിന പ്രയത്നം തന്നെ നടത്തുമ്പോൾ, ഇടത് ഭരണ കുത്തക അവസാനിപ്പിച്ച് ഈ പ്രാവശ്യം നഗരസഭാ ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യു.ഡി.എഫ്.ശക്തമായ പോരാട്ടം നടത്തുന്നത്.