election

പേരാവൂർ: കുടിയേറ്റ കർഷകർ ഏറെയുള്ള മലയോര മേഖലകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് കോളയാട് ഡിവിഷൻ ഇടതുപക്ഷത്തിന് കാര്യമായ വേരോട്ടമുള്ള മേഖലയാണ്. കോളയാട്, മാലൂർ പഞ്ചായത്തുകൾ, പേരാവൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ, കണിച്ചാർ പഞ്ചായത്തിലെ 11 വാർഡുകൾ, കേളകത്തെ മൂന്ന് വാർഡുകൾ ഉൾപ്പെടെ ആകെ 46 വാർഡുകളാണ് ഡിവിഷനിൽ.

സി.പി.ഐ നേതാവ് കെ.സുരേഷ് ബാബുവാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനായി കോളയാട് ഡിവിഷനിൽ നിന്നും ജയിച്ചത്. അദ്ദേഹം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്നു.

സി.പി.ഐയിലെ വി. ഗീതയാണ് ഇക്കുറി ഇടതുപക്ഷ സ്ഥാനാർത്ഥി. പേരാവൂർ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർപേഴ്സണായിരുന്നു. സി.പി.ഐ. പേരാവൂർ മണ്ഡലം കമ്മിറ്റി അംഗമായ ഗീത 2010-15ൽ പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. കേരള മഹിളാ സംഘത്തിന്റെ ജില്ലാ വൈസ് പ്രസിഡന്റാണ്. സി.പി.ഐ. പേരാവൂർ ലോക്കൽ സെക്രട്ടറി വി. പത്മനാഭൻ സഹോദരനാണ്. മണത്തണ സ്വദേശിയാണ് ഗീത. സംസ്ഥാന സർക്കാരിന്റെ പദ്ധതികളും, സുരേഷ് ബാബു ഡിവിഷനിൽ നടത്തിയ വികസന പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫിന്റെ പ്രചാരണ വിഷയം.

കോൺഗ്രസിന്റെ ജെയ്ഷ ബിജു ഓളാട്ടുപുറമാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് മുൻ സെക്രട്ടറിയാണ്. കൊട്ടിയൂരിലെ അങ്കണവാടി ടീച്ചർ കൂടിയായ ജെയ്ഷ ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ സെക്രട്ടറിയാണ്‌. കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടുപുറമാണ് ഭർത്താവ്. കൊട്ടിയൂർ സ്വദേശിയാണ്. കുടിയേറ്റ കർഷകർ ഏറെയുള്ള ഡിവിഷനായതിനാൽ ഇക്കുറി വിജയപ്രതീക്ഷയിലാണ് പ്രവർത്തകർ.

എൻ.ഡി.എ.യിൽ നിന്ന് ബി.ജെ.പിയുടെ സ്മിത ചന്ദ്രബാബുവാണ് മത്സരിക്കുന്നത്. ബി.ജെ.പി.ജില്ലാ സെക്രട്ടറിയാണ്. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന സ്മിത കോളയാട് സ്വദേശിയാണ്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ ലഭിച്ച സ്വീകാര്യതയാണ് പ്രവർത്തകർ എടുത്തുപറയുന്ന കാര്യം.

24 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഡിവിഷനിൽ നടന്നിട്ടുണ്ട്. അതിന്റെ തുടർ പ്രവർത്തനം നടക്കേണ്ടതുണ്ട്. ഒപ്പം കാർഷിക മേഖലയ്ക്ക് മുൻഗണനയും നൽകും. ജില്ലാ പഞ്ചായത്ത് എന്നും ഇടതുപക്ഷത്തോടൊപ്പമാണ്. കോളയാട് ഡിവിഷനും ഒപ്പമുണ്ടാകും.

വി.ഗീത (എൽ.ഡി.എഫ്)


കോളയാട് ഡിവിഷനിൽ ഇതുവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഒരു പ്രവർത്തനം നടന്നിട്ടില്ല. ഇത് പരിഹരിക്കും. ഡിവിഷന്റെ സമഗ്രമായ വികസനമാണ് ലക്ഷ്യം. ജനങ്ങൾ ഇത്തവണ യു.ഡി.എഫിനൊപ്പമാണെന്നത് വിജയപ്രതീക്ഷ നൽകുന്നു.

ജെയ്ഷ ബിജു (യു.ഡി.എഫ്)


കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കും. ഡിവിഷന്റെ സമഗ്ര വികസനത്തിനായി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കും.

സ്മിത ചന്ദ്രബാബു (എൻ.ഡി.എ)