നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട പ്രതിഭ നഗറിലെ ചെറിയ ചുറ്റുവട്ടത്തിൽ നിന്ന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് നാലുപേർ. ഇവരിൽ അച്ഛനും മകളും ഉണ്ടെന്നതാണ് ഏറെ കൗതുകം.
അയൽവാസികളായ മൂന്നുപേർ എൻ.ഡി.എയ്ക്ക് വേണ്ടിയും ഒരാൾ യു.ഡി.എഫിനുമായാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്., ബി.ടെക് ബിരുദധാരിയായ രശ്മി രഞ്ജിത് പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് കിനാനൂർ ഡിവിഷനിലാണ് മത്സരിക്കുന്നത്. രശ്മിയുടെ അച്ഛൻ കരിയനാകട്ടെ പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ പരപ്പ ഡിവിഷനിൽ നിന്നും ജനവിധി തേടുകയാണ്. ബി.ജെ.പി കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡന്റ്, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കരിയൻ ഗ്രാമപഞ്ചായത്തിലേക്ക് നേരത്തെ മത്സരിച്ചിരുന്നെങ്കിലും മകളുടേത് കന്നിയങ്കമാണ്.
1990-ൽ സി.പി.എം വിട്ടാണ് കരിയൻ ബി.ജെ.പിയിൽ ചേർന്നത്. കൊച്ചി ആസ്ഥാനമായ കൺസ്ട്രക്ഷൻ കമ്പനിയുടെ കീഴിൽ പനത്തടിയിൽ സിവിൽ എൻജിനീയറായി ജോലി നോക്കുന്നതിനിടയിലാണ് രശ്മി തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയത്.
ജില്ലാപഞ്ചായത്ത് കരിന്തളം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ക്ലാരമ്മ സെബാസ്റ്റ്യനും പ്രതിഭാനഗറുകാരിയാണ്. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി, ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റുമായ ഇവർ അങ്കണവാടി അദ്ധ്യാപികയുമാണ്. ഇവരുടെ എതിരാളികളിലൊരാളും ഇവിടത്തുകാരി തന്നെ. എൻ.ഡി.എയ്ക്ക് വേണ്ടി മത്സരിക്കുന്ന ചന്ദ്രാവതി മേലത്ത് മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കൂടിയാണ്.