cycle
കാസർകോട് പെഡലേഴ്സ് സംഘടിപ്പിച്ച വോട്ട് ബോധവത്കരണ സൈക്കിൾ റാലി

തൃക്കരിപ്പൂർ: സ്വന്തം വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന അഭ്യർത്ഥനയോടെ ഒരു കൂട്ടം യുവാക്കളുടെ സൈക്കിൾ റാലി നാട്ടുകാർക്ക് പുതുമ നിറഞ്ഞതായി. സ്വന്തം സ്ഥാനാർത്ഥികളെ അവതരിപ്പിച്ചില്ലെങ്കിലും കാസർകോട് പെഡലേഴ്സാണ് തൃക്കരിപ്പൂർ മുതൽ കാസർകോട് വരെ വോട്ട് ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചത്.

ആർക്ക് വോട്ട് ചെയ്യണം, എന്തിന് വോട്ടുചെയ്യണം എന്നൊക്കെയുള്ള അരാഷ്ട്രീയ സമീപനങ്ങൾ തിരുത്തുന്നതിനു കൂടിയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്. ആർക്കായാലും വോട്ട് ചെയ്യൂ എന്നുള്ള സന്ദേശമാണ് പ്ലക്കാർഡുകളിൽ പ്രദർശിപ്പിച്ചത്. തൃക്കരിപ്പൂരിൽ നിന്ന് പടന്ന തീരദേശ റോഡിലൂടെ നീങ്ങിയ റാലി നീലേശ്വരത്ത് നിന്ന് ദേശീയ പാത വഴി സഞ്ചരിച്ചു. കൊട്രച്ചാൽ തീരദേശ പാതയിൽ പ്രചരണത്തിലായിരുന്ന സ്ഥാനാർത്ഥികൾ സൈക്കിൾ റാലി കണ്ടതോടെ ഒന്നുകൂടി ഉഷാറായി. കാഞ്ഞങ്ങാട് ആനന്ദാശ്രമം പരിസരത്തുകൂടിയാണ് നഗരത്തിലേക്ക് കടന്നത്. തുടർന്ന് കെ.എസ്.ടി.പി റോഡിലേക്ക് കയറി.

തൃക്കരിപ്പൂരിൽ പെഡലേഴ്‌സ് വൈസ് പ്രസിഡന്റ് ബാബു മയൂരി ഫ്‌ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി സുനീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എം.സി. ഇബ്രാഹിം, മുഹമ്മദ് താജ്, അഡ്വ. ഷാജിദ് കമ്മാടം എന്നിവർ പ്രസംഗിച്ചു. രാകേഷ് തീർത്ഥങ്കര, സി.എച്ച്. മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദലി കുനിമ്മൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.