murali

കാസർകോട്: സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ കാമ്പസിന് എം.എസ്. ഗോൾവാൾക്കറുടെ പേര് നൽകാനുള്ള നീക്കം സദുദ്ദേശപരമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. അത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിലിന്റെ തീരുമാനമാണ്. ഇതിന്റെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്- തിരഞ്ഞെടുപ്പ് പര്യടനത്തിന് കാസർകോട് എത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.ജവഹർലാൽ നെഹ്‌റുവുമായി എന്തു ബന്ധമുണ്ടായിട്ടാണ് വള്ളംകളി മൽസരത്തിന് നെഹ്റുവിന്റെ പേര് നൽകിയത് ? രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരാണ് സംസ്ഥാനത്തെ പല സ്ഥാപനങ്ങൾക്കും. പദവിക്ക് നിരക്കാത്ത അപഹാസ്യമായ പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രി നിറുത്തണം. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. കേരള സർക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ തെളിവ് പുറത്തുവിടാൻ പിണറായി തയാറാകണം. ഊരാളുങ്കൽ സൊസൈറ്റിക്കെതിരെയുള്ള അന്വേഷണമാണോ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നത് ? കേന്ദ്ര ഏജൻസികൾക്കെതിരെ കുതിര കയറിയാൽ അന്വേഷണം അവസാനിപ്പിക്കുമെന്ന് ആരും കരുതേണ്ട. സ്വന്തം ആൾക്കാരുടെ കാര്യത്തിൽ അന്വേഷണം വരുമ്പോഴാണോ എതിർപ്പെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.