election

പാനൂർ: പാട്യത്തെ 10 വാർഡുകളും കോട്ടയം, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളും ഉൾപ്പെടുന്ന 101 ബൂത്തുകളുള്ള ഡിവിഷനാണ് പാട്യം. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കാരായി രാജൻ പത്തൊമ്പതിനായിരത്തോളം ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്.

ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ചിറ്റാരിപറമ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന യു.പി ശോഭയാണ്. സി.പി.എം മാനന്തേരി ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിള അസോസിയേഷൻ കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയംഗവും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സണുമാണിവർ.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കെ.എസ്.യു മുൻ ജില്ല പ്രസിഡന്റ് റിഞ്‌ജുമോൾ മാക്കുറ്റിയാണ്. എൻ.ഡി.എയ്ക്കുവേണ്ടി കൊല്ലപ്പെട്ട പന്ന്യന്നൂർ ചന്ദ്രന്റെ ഭാര്യ അരുന്ധതി ചന്ദ്രനാണ് മത്സരരംഗത്ത്.

കഴിഞ്ഞതവണ ത്രിതല പഞ്ചായത്തുകളിൽ വരുത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും സംസ്ഥാന സർക്കാറിന്റെ സുതാര്യമായ ഭരണനേട്ടങ്ങൾ അക്കമിട്ട് നിരത്തിയുമാണ് യു.പി ശോഭ ജനങ്ങളോട് വോട്ടഭ്യർഥിക്കുന്നത്. ഡിവിഷനിലെ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ഭൗതികസഹായങ്ങൾ നല്കിയതും നിരവധി റോഡുകൾ വികസിപ്പിച്ചതും ഇവർ എടുത്തുപറയുന്നു.

എന്നാൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരരംഗത്തുള്ള റിഞ്ജു മാക്കുറ്റിക്ക് പറയുന്നത് ഡിവിഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ തുടർച്ചയായി വിജയിക്കുന്ന എൽ.ഡി.എഫിന് സാധ്യമായില്ല എന്നാണ്. എൽ.ഡി.എഫ് ഭൂരിപക്ഷ പ്രദേശങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് നല്കുന്ന പ്രാധാന്യം യു.ഡി.എഫ് കേന്ദ്രങ്ങളിലെത്തുന്നില്ല. അടിസ്ഥാന വികസനം അവഗണിക്കപ്പെട്ട മേഖലകളിൽ നല്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യം. പ്രദേശത്തെത്താൻ പാറ്റാത്ത ജില്ലാ പഞ്ചായത്തംഗം അർഹതപ്പെട്ട വികസനങ്ങളും നഷ്ടമാക്കിയെന്നും യു.ഡി.എഫ് സ്ഥാനാർഥി പറയുന്നു.

വിജയ പ്രതീക്ഷയോടെയാണ് എൻ.ഡി.എ സ്ഥാനാർഥി അരുന്ധതി ചന്ദനും മത്സര രംഗത്തുള്ളത്. കേന്ദ്ര സർക്കാർ രാജ്യത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്നത് കാണുന്ന കേരള ജനത തീർച്ചയായും മാറിച്ചിന്തിക്കും. അഴിമതികളിൽ കുളിച്ച ഇരു മുന്നണികളെയും കേരള ജനത മടുത്തു. മോദി സർക്കാർ നടപ്പിൽ വരുത്തിയ പദ്ധതികളുടെ ഗുണം അനുഭവിക്കാത്ത ഒറ്റ കേരളീയനും ഉണ്ടാവാനിടയില്ല. ഗ്രാമങ്ങളെ നഗരങ്ങളാക്കി വികസിപ്പിക്കുന്ന പദ്ധതിക്കുള്ള തുക അനുവദിച്ചെങ്കിലും ഉപയോഗിച്ചില്ല. ജില്ലയിലെ പ്രധാന വ്യവസായകേന്ദ്രമായി വളരേണ്ടിയിരുന്ന വലിയെ വെളിച്ചം അവഗണന നേരിടുകയാണ്. തീർച്ചയായും എൽ.ഡി.എഫിന്റെ കോട്ടയിൽ വിള്ളൽ വീഴുമെന്നതിൽ സംശയമില്ലന്നും അവർ പറയുന്നു.