election

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്നു മുന്നണികളിലെയും ജില്ലാനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്ണൂർ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച തദ്ദേശപ്പോരിൽ നേതാക്കന്മാർ നേർക്കുനേർ. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ എടുത്തു പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും ഇരുമുന്നണികൾക്കും ബദൽ ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസും സംസാരിച്ചു.

ആഗോളവത്കരണത്തിന്റെ ബദൽ ആയിമാറുകയാണ് എൽ.ഡി.എഫ്. ഇടതുപക്ഷം കർഷകർക്ക് സബ്സിഡി നൽകുന്നു, ആരോഗ്യ മേഖലയിൽ സാർവ്വദേശീയ അംഗീകാരം, എെ.ടി മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾ, ലൈഫ് മിഷൻ പദ്ധതിയിലൂടെ ഒന്നര ലക്ഷത്തിൽ അധികം പേർക്ക് സ്വന്തമായി വീട്, പി.എസ്.സി വഴി 50,000 പേർക്ക് റിക്കോ‌ർഡ് നിയമനം, സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ഇങ്ങനെ കേരളത്തിൽ സമാനതകളില്ലാത്ത മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും എം.വി. ജയരാജൻ പറഞ്ഞു. കർഷക തൊഴിലാളി ദ്രോഹ നിയമങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും കോർപ്പറേറ്റുകൾ വിപണി കൈയടക്കുകയാണെന്നും ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സ്വർണ്ണക്കടത്തുൾപ്പെടെയുള്ള വിഷയങ്ങൾ എടുത്തുകാട്ടിയാണ് സതീശൻ പാച്ചേനിയും ഹരിദാസും പ്രതിരോധം തീർത്തത്. തട്ടിപ്പിന്റെ ഒരു കുംഭകോണമാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്നും സ്വജനപക്ഷപാതത്തിന്റെ മൂർത്തീരൂപമാണ് ഇടതുസർക്കാ‌രെന്നും സതീശൻ പാച്ചേനി ആരോപിച്ചു. നാലുവർഷം കൊണ്ട് കോർപ്പറേഷൻ ഭരണത്തിൽ ഒന്നും നടന്നില്ല. കോൺഗ്രസ് ഭരണത്തിലാണ് ഒരു ചലനം ഉണ്ടായത്. സമഗ്രമായ ഒരു കുടിവെള്ള പദ്ധതി പോലും നടപ്പിലാക്കാൻ സാധിക്കാത്ത ജില്ലാ പഞ്ചായത്താണ് കണ്ണൂർ. ഈ രാജ്യത്തെ കൃഷിക്കാരെ കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ അടിമയാക്കിമാറ്റുകയാണ്. ഇന്ധന, പാചക വാതക വില വർധിപ്പിച്ച് ജനങ്ങള ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് അഴിമതിയുടെ കുംഭകോണമാണ് നടക്കുന്നതെന്നും മയക്കു മരുന്ന് മാഫിയയുടെ ഡോൺ വീട്ടിൽ കിടന്നുറങ്ങുന്നത് കോടിയേരി ബാലകൃഷ്ണൻ അറിഞ്ഞിട്ടില്ലെന്നും ഹരിദാസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തുണ്ടായ ഒട്ടേറെ വികസന നേട്ടങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ പങ്ക് കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടിയുമായുള്ള യു.ഡി.എഫ് സഖ്യത്തെയും ജയരാജൻ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഭരണഘടന പോലും അംഗീകരിക്കില്ലെന്നും ഇസ്ലാമിക രാഷ്ട്രമാണ് തങ്ങളുടെ സ്വപ്നമെന്നുമുള്ള നിലപാടാണ് വെൽഫെയർപാർട്ടിക്കുള്ളതെന്ന് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ളവരുമായാണ് വർഗീയതയ്ക്കെതിരെ പോരാടുന്ന പാർട്ടിയെന്നുപറഞ്ഞ് കോൺഗ്രസ് കൂട്ടുകൂടുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.