
കാസർകോട്: കാസർകോട് ജില്ലാപഞ്ചായത്തിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഡിവിഷനുകളിലൊന്നാണ് ചെങ്കള. കഴിഞ്ഞ അഞ്ചു വർഷം യു.ഡി.എഫ് പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് ഭരണത്തിൽ പങ്കാളിയായിരുന്ന ഷാനവാസ് പാദൂർ ഇടതുസ്ഥാനാർത്ഥിയായതാണ് ചെങ്കളയിലെ ട്വിസ്റ്റ്.
കോൺഗ്രസ് നേതാക്കളിലൊരാളായ ഷാനവാസിനെ പാളയത്തിൽ എത്തിച്ചത് യു.ഡി.എഫിന്റെ കോട്ടയായ ചെങ്കളയിൽ ഇടതുമുന്നണിക്ക് അവിചാരിത നേട്ടമായി. ദീർഘകാലം ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ് പാദൂർ. ചട്ടഞ്ചാൽ അർബൻ സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റുമാണ്.
ചെങ്കള ഡിവിഷൻ പരിധിയിൽ വരുന്ന ബെണ്ടിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നിന്നും വിജയിച്ച കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന മുസ്ലിംലീഗിലെ ടി.ഡി കബീറാണ് യു.ഡി.എഫ് സ്ഥാനാർഥി. ചെമ്മനാട് തെക്കിൽ സ്വദേശിയായ കബീർ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമാണ്. യുവമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരരംഗത്തുവന്നതോടെ യുവാക്കൾ തമ്മിലുള്ള ത്രികോണ പോരാട്ടമായി ചെങ്കള ഡിവിഷനിൽ. ധനഞ്ജയന്റെത് കന്നിയങ്കമാണ്.
ചെങ്കള പഞ്ചായത്തിലെ 16 മുതൽ 20 വരെയുള്ള വാർഡുകളും ചെമ്മനാട് പഞ്ചായത്തിലെ മൂന്ന് മുതൽ 18 വരെയുള്ള വാർഡുകളും ബേഡഡുക്ക പഞ്ചായത്തിലെ ഒന്ന്, രണ്ട്, 17 വാർഡുകളും മുളിയാർ പഞ്ചായത്തിലെ 10,11,12 വാർഡുകളും ഉൾപ്പെടുന്നതാണ് ചെങ്കള ഡിവിഷൻ. മൂന്ന് പഞ്ചായത്തുകൾ യു.ഡി.എഫും ബേഡഡുക്ക പഞ്ചായത്ത് ഇടതുമുന്നണിയുമാണ് ഭരിക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ 766 വോട്ടിന്റെ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥി സുഫൈജയാണ് ഈ ഡിവിഷനിൽ നിന്ന് വിജയിച്ചത്.
സ്ഥാനാർത്ഥി മൊഴി
നാടിന്റെ വികസനത്തിനാണ് വോട്ട് ചോദിക്കുന്നത്. ഡിവിഷനിലെ ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇത് ആദ്യമായി ചെങ്കള ഡിവിഷൻ യു. ഡി.എഫിൽ നിന്ന് നല്ല ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷാനവാസ് പാദൂർ (എൽ.ഡി.എഫ്)
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി ഈ ഡിവിഷനിൽ ചെയ്ത നാലര കോടിയുടെ വികസന പ്രവർത്തനങ്ങൾ വോട്ട് ചെയ്യുമ്പോൾ ജനങ്ങൾ പരിഗണിക്കും എന്ന വിശ്വാസമുണ്ട്
ടി .ഡി കബീർ ( യു .ഡി .എഫ് )
പ്രചാരണം നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. പഞ്ചായത്തുകളിലെ നഗരങ്ങളിലും കുടുംബ സംഗമങ്ങളിലുമെല്ലാം മികച്ച പ്രതികരണം കിട്ടുന്നുണ്ട്. യുവാക്കൾ അടക്കമുള്ള വലിയൊരു വിഭാഗം പിന്തുണയ്ക്കും.
ധനഞ്ജയൻ മധൂർ (എൻ .ഡി .എ )