കണ്ണൂർ: മാപ്പിളബേ മത്സ്യബന്ധന തുറമുഖം നവീകരണത്തോടനുബന്ധിച്ചുള്ള ഡ്രഡ്ജിംഗ് ആയിക്കരയിൽ ഇന്നലെ വീണ്ടും തുടങ്ങി. ഹാർബറിൽ നിന്നും ഡ്രഡ്ജിംഗിലൂടെ നീക്കംചെയ്ത മണൽ യാർഡുകളിൽ നിന്നും മാറ്റാനാവാത്തതാണ് ഡ്രഡ്ജിംഗ് നേരത്തെ നിലയ്ക്കാൻ കാരണമായത്.
ഹാർബറിന്റെ പ്രവേശന കവാടവും ഹാർബറിനകത്തും മണൽതിട്ടകൾ രൂപപ്പെട്ടതിനാൽ വേലിയിറക്ക സമയത്ത് മത്സ്യബന്ധന യാനങ്ങൾക്ക് ഹാർബറിൽ പ്രവേശിക്കാനോ പുറത്തേക്കു പോകാനോ കഴിയാത്ത അവസ്ഥയുണ്ടായതിനെ തുടർന്നാണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. ഹാർബറിലെ മണൽതിട്ടയിൽ തട്ടി നിരവധി ബോട്ടുകളും തോണികളും തകർന്നിരുന്നു. ഇതിൽ പ്രകോപിതരായ മത്സ്യ തൊഴിലാളികൾ ഫിഷറീസ് ഓഫീസ് ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു വർഷങ്ങളായി ചുകപ്പു നാടയിൽ കുടുങ്ങിയിരുന്ന ഡ്രഡ്ജിംഗ് നടപടി വേഗത്തിലായതും ഡ്രഡ്ജിംഗ് ആരംഭിക്കാൻ സർക്കാർ നിർദേശം നൽകിയതും.
അതേസമയം ഇപ്പോൾ നടത്തുന്ന പോലുള്ള ഒറ്റത്തവണ ഡ്രഡ്ജിംഗ് കൊണ്ടു മാത്രം ഫലം ഉണ്ടാവില്ലെന്നും മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹാർബർ ബേസിൽ 12,5000 ചതുരശ്ര മീറ്ററും പ്രവേശനമേഖലകളിൽ 25,000 ചതുശ്ര മീറ്റർ സ്ഥലത്തെയും മണലും ചെളിയും മൂന്നു മീറ്റർ ആഴത്തിലാണ് നീക്കം ചെയ്യേണ്ടത്. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് നാല് വർഷം മുമ്പ് പ്രഖ്യാപിച്ചത്.
മണൽനീക്കുന്നത്
3 മീറ്റർ ആഴത്തിൽ
ചെലവേറ്റുന്ന കടത്ത്
നിലവിൽ മത്സ്യവുമായി വരുന്ന ബോട്ടുകൾ ഹാർബറിന്റെ 150 മീറ്റർ അകലെ കടലിൽ നിർത്തിയിട്ട് ഇവിടെ നിന്നും തോണികളിൽ മത്സ്യം നിറച്ചാണ് കരയ്ക്കെത്തിക്കുന്നത്. ഇത് ഏറെ അധ്വാനത്തിനും സാമ്പത്തിക ചെലവിനും ഇടയാക്കുന്നു
ഹാർബറിലും പ്രവേശന കവാടത്തിലും നിരന്തരമായി വന്നടിയുന്ന മണലും ചെളിയും സമയാസമയം നീക്കാനുള്ള നടപടികളാണ് ആവശ്യം. അതു മാത്രമേ പ്രായോഗികമായി ഗുണകരമാകൂ.
മത്സ്യത്തൊഴിലാളികൾ