കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്‌റ്റോറിക്കൽ ഫ്‌ളൈറ്റ് ജേർണി വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തും. എമേർജിംഗ് കണ്ണൂർ പദ്ധതിയുടെ ഭാഗമായി ഒമ്പതിന് കണ്ണൂർ മാസ്‌കോട്ട് ബീച്ച് റിസോർട്ടിൽ വികസന സെമിനാർ നടത്തും.
വൈകീട്ട് ഏഴിന് നടക്കുന്ന സെമിനാറിൽ കിയാൽ എം.ഡി. വി. തുളസിദാസ് പങ്കെടുക്കും. വിമാനത്താവളവും അനുബന്ധ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ സെമിനാറിൽ അവതരിപ്പിക്കും. ജനുവരിയിൽ നടക്കുന്ന പാർലമെന്റ് സമ്മേളന വേളയിൽ എം.പിമാർക്കൊപ്പം വ്യോമയാന മന്ത്രിയെ നേരിൽ സന്ദർശിച്ച് കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകാതിരിക്കുന്നതാണ് വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന പ്രശ്‌നമെന്നും ഇവർ പറഞ്ഞു. കൊവിഡ് കാലത്ത് യാത്രക്കാരുമായി എത്തിയ വിദേശ വിമാനക്കമ്പനികളെല്ലാം തന്നെ കണ്ണൂർ എയർപോർട്ടിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞതെന്നും കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി. ജയചന്ദ്രൻ, വി.കെ. ഷറഫുദീൻ, കെ.പി.റഷീദ്, എം.കെ മധുകുമാർ എന്നിവർ സംബന്ധിച്ചു.