കണ്ണൂർ: നൂറ്റാണ്ടുകളായി ശസ്ത്രക്രിയാ രംഗത്ത് ഒരു ഇടപെടലും നടത്താത്ത ആയുർവേദ വിഭാഗത്തിന് ശസ്ത്രക്രിയകൾ ചെയ്യാനുള്ള അനുമതി നൽകുന്ന തരത്തിൽ കഴിഞ്ഞ മാസം 20 ന് ഗസറ്റ് പുറപ്പെടുവിച്ച ആയുർവേദ കൗൺസിലിന്റെയും സർക്കാരിന്റെയും നയത്തിനെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭ സമരം നടത്തുന്നു. ഇന്ന് ഉച്ചക്ക് 12 മുതൽ 2 വരെ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണൂർ ടൗണിൽ ഐ.എം.എ ഹാൾ മുതൽ കളക്ടറേറ്റ് വരെയാണ് മാർച്ച്.11 ന് രാവിലെ ആറ് മുതൽ വൈകീട്ട് 6 വരെ കാഷ്വാലിറ്റി കൊവിഡ് ഡ്യൂട്ടികൾ ഒഴികെയുള്ളത് നിർത്തി വെച്ച് മെഡിക്കൽ ബന്ദും നടത്തും. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ ശശിധരൻ കെ.ലളിത് സുന്ദരം, രാജേഷ്, വി.വി.ഭട്ട്, സുൽഫിക്കർ അലി എന്നിവർ സംബന്ധിച്ചു.