പയ്യന്നൂർ: യുവാക്കളുടെ പോരാട്ടമാണ് ഇക്കുറി കണ്ണൂർ ജില്ല പഞ്ചായത്തിലെ കുഞ്ഞിമംഗലം ഡിവിഷനെ വ്യത്യസ്തമാക്കുന്നത്. മൂന്ന് മുന്നണികളും ഇറക്കിയത് യുവാക്കളെ തന്നെ.കുഞ്ഞിമംഗലത്തിന്റെ ഇടതിനൊടൊപ്പമാണ്. മൂന്ന് സ്ഥാനാർത്ഥികളുടെയും കന്നി മത്സരമാണെന്ന ആകസ്മികതയും ഡിവിഷനിലുണ്ട്.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുഞ്ഞിമംഗലം, രാമന്തളി, കുന്നരു എന്നീ ഡിവിഷനുകളും കല്യാശ്ശേരി ബ്ലോക്കിന് കീഴിലെ ചെറുതാഴം, ഏഴോം, മാടായി എന്നിവയും ഉൾപ്പെടുന്നതാണ് കുഞ്ഞിമംഗലം ഡിവിഷൻ. ഏഴോം, കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകൾ പൂർണ്ണമായും ചെറുതാഴം പഞ്ചായത്തിലെ ആറുമുതൽ 13 വരെയും മാടായി പഞ്ചായത്തിലെ ഒന്നുമുതൽ ആറുവരെയുമുള്ള വാർഡുകൾ ഈ ഡിവിഷനിൽ ഉൾപ്പെടുന്നു. പൊതുവെ കമ്യൂണിസ്റ്റ് ഗ്രാമങ്ങളായി കരുതപ്പെടുന്ന ചെറുതാഴവും കുഞ്ഞിമംഗലവും ഏഴോമും ഉൾപ്പെടുന്ന ഡിവിഷനിൽ മാടായി മാത്രമാണ് യു.ഡി.എഫിനൊപ്പമുള്ള പഞ്ചായത്ത്. ഇതെല്ലാം കണക്കിലെടുത്താൽ എൽ.ഡി.എഫിന്റെ ഷുവർ ബെറ്റാണ് കുഞ്ഞിമംഗലമെന്ന് നിസ്സംശയം പറയാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ.ഡി.എഫ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിന് ജയിച്ച ജില്ലാപഞ്ചായത്ത് ഡിവിഷനും കുഞ്ഞിമംഗലമാണ്. സി.പി.എമ്മിലെ ആർ. അജിത 21676 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ വിജയിച്ചത്.ചെറുതാഴം പഞ്ചായത്തിൽ 11-ാം വാർഡിൽ താമസിക്കുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ. കെ.പി. ഷിജുവാണ് ഇക്കുറി എൽ.ഡി. എഫ് സ്ഥാനാർത്ഥി. യുവജന കമ്മിഷൻ ജില്ലാ കോ - ഓർഡിനേറ്ററും കണ്ണൂർ സർവ്വകലാശാല മുൻ ചെയർമാനുമായ ഷിജു ഡിവിഷനിൽ ചിരപരിചിതനാണ്.
സി.എം.പി (സി.പി.ജോൺ) വിഭാഗത്തിൽ നിന്നുള്ള സുധീഷ് കടന്നപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.കെ.എസ്.വൈ.എഫ്.മുൻ സെക്രട്ടറി, എം.വി.ആർ. സ്മൃതി ചാരിറ്റബിൾ ട്രസ്റ്റ് ജോ: സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന സുധീഷിന് ഇത് ആദ്യ മത്സരമാണ്. നേരത്തേ പ്രചരണം ആരംഭിച്ചതും മുന്നണിയിലെ ഐക്യവും വിജയസാദ്ധ്യത വർദ്ധിപ്പിച്ചതായി സുധീഷ് പറയുന്നു. യുവമോർച്ച ജില്ല പ്രസിഡന്റ് അരുൺ കൈതപ്രത്തിന്റെയും ആദ്യ മത്സരമാണ്. ചക്കരക്കൽ മുഴപ്പാല സ്വദേശിയാണ് അരുൺ. പരമാവധി വോട്ട് നേടി കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻ.ഡി.എ.പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്. 66195 വോട്ടർമാരാണ് ഡിവിഷനിലുള്ളത്.
2015-ലെ തിരഞ്ഞെടുപ്പ് ഫലം
ആകെ പോൾ ചെയ്ത വോട്ട് - 51418
(എൽ.ഡി.എഫ്) - 33317
(യു.ഡി.എഫ്) - 11641
(ബി.ജെ.പി ) - 4945
.വിജയത്തിൽ യാതൊരു ആശങ്കയുമില്ല .യുവ സ്ഥാനാർത്ഥി എന്ന നിലയിൽ മികച്ച പിന്തുണയാണ് ആളുകൾ നിന്നും ലഭിക്കുന്നത്.
(സി.പി. ഷിജു, എൽ.ഡി.എഫ് )
ഇക്കുറി ഡിവിഷൻ യു.ഡി.എഫ് പിടിക്കുമെന്ന് തന്നെയാണ് വിശ്വാസം.പ്രചരണം നേരത്തെ തന്നെ ശക്തിപ്പെടുത്തിയിരുന്നു.ജനങ്ങളുടെ വലിയ പിന്തുണയുണ്ട്. ആശങ്കയില്ല.
സുധീഷ് കടന്നപ്പള്ളി,(യു.ഡി.എഫ്)
ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ
അരുൺ കൈതപ്രം (ബി.ജെപി)