തൃക്കരിപ്പൂർ: ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷൻ സ്ഥാനാർത്ഥി എം. മനുവിന്റേതടക്കം തൃക്കരിപ്പൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിച്ചു. മീലിയാട്ട്, വെള്ളാപ്പ്, ആയിറ്റി, ചൊവ്വറമ്പ്, വൾവക്കാട് തുടങ്ങിയ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ബോർഡുകളാണ് നശിപ്പിച്ചത്.
മണിയനൊടി എ.ബി. ഇബ്രാഹിം മാസ്റ്റർ സ്മാരക മന്ദിരത്തിന് മുന്നിലെ ബോർഡുകൾ പാടെ തകർത്ത നിലയിലാണുള്ളത്. ചില ഭാഗങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ ഫ്രെയിമടക്കം തകർത്തും മറ്റു ചിലയിടത്ത് ഫ്ലക്സ് ബോർഡുകൾ കാണാതായ സംഭവവുമുണ്ട്. എട്ടാം വാർഡായ തങ്കയത്തിലെ എൽ.ജെ.ഡി സ്ഥാനാർത്ഥി ഇ. ബാലകൃഷ്ണന്റെ അഞ്ചോളം ബോർഡുകൾ പല സ്ഥലങ്ങളിലായി നശിപ്പിച്ചു.
സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്തി കർശന ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്ന് എൽ.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.