കേളകം: ബിന്ദു ജുവലറിയിൽ മോഷണത്തിനായി ഉപയോഗിച്ച ഇന്നോവ കാർ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് കോഴിക്കോട് ചാലിയത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ മോഷ്ടാക്കൾ സഞ്ചരിച്ച കാർ കണ്ടെത്തിയത്.

കേളകം അടക്കാത്തോട് റോഡിലെ വലിയ പള്ളിക്ക് മുൻവശമുള്ള ഓവുചാലിൽ കാറിന്റെ ചക്രം കുടുങ്ങിയതാണ് വാഹനം കണ്ടെത്തുന്നതിന് പൊലീസിന് സഹായകമായത്. കുഴിയിൽ കുടുങ്ങിയ കാറിന്റെ ടയറിന്റെ പാട് ഇരിട്ടി ജോയിന്റ് ആർ.ടി.ഒ എത്തി ശാസ്ത്രീയമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നോവ കാർ ആണെന്ന് വ്യക്തമായത്. ഇതേത്തുടർന്ന് കൂത്തുപറമ്പ്, തലപ്പുഴ, നെടുംപൊയിൽ, വയനാട് ടൗണുകളിലെ സി.സി ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു.

നെടുംപൊയിലിലെ സി.സി ടി.വിയിൽ നിന്നും കവർച്ച നടന്ന സമയത്തോട് അടുപ്പിച്ച് കടന്നുപോയ ഇന്നോവയുടെ നമ്പർ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ആർ.സി. ഓണറെ കണ്ടെത്തുകയും ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ചാലിയത്ത് വെച്ച് കേളകം സി.ഐ. പി.വി.രാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാർ കസ്റ്റഡിയിൽ എടുത്തത്.

മോഷണത്തിന് പിന്നിൽ അഞ്ചുപേരടങ്ങുന്ന സംഘമാണെന്ന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും നിരവധി മോഷണക്കേസിലെ പ്രതികളാണിവരെന്നും പൊലീസ് പറഞ്ഞു.