
കാസർകോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാർഡ് നാരംപാടിയിലെ മുസ്ലിം ലീഗ് കമ്മിറ്റിയെ മരവിപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ ദിവസങ്ങളോളം നീണ്ട മാരത്തോൺ ചർച്ചയ്ക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. ഇരുപത് വർഷമായി ലീഗ് കോട്ടയാണ് നാരംപാടി. പുണ്ടൂർ, മാവിനക്കട്ട, ആലങ്കോൾ, നാരംപാടി ചേർന്ന വാർഡാണ് അഞ്ച്. രണ്ടായിരത്തിലധികം വോട്ടർമാരുണ്ട്. ഇവിടെ നിന്നും വിജയിച്ചവരാണ് കഴിഞ്ഞ നാല് പ്രാവശ്യവും പഞ്ചായത്ത് പ്രസിഡന്റായത്. എന്നാൽ അഞ്ചാം വാർഡിൽ താമസിക്കുന്നവർക്ക് ഒരിക്കലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഈ തെരഞ്ഞടുപ്പിൽ വാർഡിലുള്ളവരെ പരിഗണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് പാർട്ടിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും സഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ അവഗണിച്ചു. ഇതോടെ ആഭ്യന്തര പ്രശ്നം രൂപപെടുകയായിരുന്നു. വാർഡിലെ മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് സംസഥാന നേതാക്കൾ ഇടപെടുന്ന രീതിയിൽ അഞ്ചാം വാർഡ് ചർച്ചയാകുന്നത്. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാനായിരുന്നു പിന്നീട് നേതാക്കളുടെ ശ്രമം. പല തവണയായി ചർച്ചകൾ നടന്നു. മാരത്തോൺ ചർച്ചയ്ക്ക് ഒടുവിൽ ജനപിന്തുണ ഇല്ലാത്ത വാർഡ് കമ്മിറ്റിയെ നേതൃത്വം മരവിപ്പിച്ചു. പുതിയ കമ്മിറ്റിയെ ഈ മാസം 25 ന് തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. വാർഡിൽ തെരഞ്ഞുപ്പ് പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കളമാണ് വാർഡ് സ്ഥാനാർഥി.