കാസർകോട്: ചെങ്കള പഞ്ചായത്തിലെ അഞ്ചാം വാർഡ് നാരംപാടിയിലെ മുസ്ലിം ലീഗ് കമ്മിറ്റിയെ മരവിപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ നടത്തിയ ദിവസങ്ങൾ നീണ്ടുനിന്ന മാരത്തോൺ ചർച്ചയ്ക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
കഴിഞ്ഞ ഇരുപതു വർഷമായി മുസ്ലിം ലീഗിന്റെ ഉരുക്ക് കോട്ടയാണ് നാരംപാടി. പുണ്ടൂർ, മാവിനക്കട്ട, ആലങ്കോൾ, നാരംപാടി ചേർന്നതാണ് ചെങ്കള പഞ്ചായത്തിലെ വാർഡ് അഞ്ച്. ഈ വാർഡിൽ നിന്നും വിജയിച്ചവരാണ് കഴിഞ്ഞ നാലു പ്രാവശ്യവും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ളത്. എന്നാൽ അഞ്ചാം വാർഡിൽ താമസിക്കുന്നവർക്ക് ഒരിക്കൽ പോലും മത്സരിക്കാൻ അവസരം ലഭിച്ചിരുന്നില്ല. വാർഡിൽ നിന്നുള്ള ഒരാളെ പരിഗണിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ട് പാർട്ടിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും നേതൃത്വം പരിഗണിച്ചില്ല. ഇതോടെ വാർഡിലെ മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തോട് വിയോജിപ്പ് പരസ്യമാക്കി.
പ്രശ്നം രൂക്ഷമായതിനെ തുടന്ന് ജില്ലാനേതൃത്വം ഇടപെട്ട് നിരവധി ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന മാരത്തോൺ ചർച്ചയ്ക്കൊടുവിൽ ജനപിന്തുണ ഇല്ലെന്ന് കണ്ടെത്തിയ വാർഡ് കമ്മിറ്റിയെ നേതൃത്വം മരവിപ്പിക്കുകയായിരുന്നു. പുതിയ കമ്മിറ്റിയെ ഈ മാസം 25 ന് തിരഞ്ഞെടുക്കും. വാർഡിൽ പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കളമാണ് വാർഡിൽ സ്ഥാനാർത്ഥി.