sreelesh
ലീഫ് ആർട്ട് വർക്കിൽ മുഴുകിയ ശ്രീലേഷ്

കണ്ണൂർ (കണ്ണാടിപ്പറമ്പ്): തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെയും ചിഹ്നങ്ങളുടെയും രൂപങ്ങൾ ഇലകളിൽ കോറി വിസ്മയം തീർക്കുകയാണ് കണ്ണാടിപ്പറമ്പ് വാരംറോഡ് സ്വദേശി ശ്രീലേഷ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണ രംഗത്ത് ലീഫ് ആർട്ട് വീഡിയോകളും തരംഗം സൃഷ്ടിക്കുകയാണ്‌.

കൊവിഡ് കാലത്തെ വിരസതയിൽ നിന്ന് സോഷ്യൽ മീഡിയകളിൽ നിന്ന് കണ്ട ലീഫ് ആർട്ട് വീഡിയോകളാണ് ശ്രീലേഷിന് പ്രചോദനമായത്. പ്ലാവില, അരയാലില, ജാതിയില എന്നിവയിലാണ് ശ്രീനേഷിന്റെ പ്രകടനം. വെള്ളിത്തിരയിലെ താരങ്ങളെ ഇലയിൽ കോറിയാണ് തുടങ്ങിയതെങ്കിലും ഇന്ന് സ്ഥാനാർത്ഥികളും സേവ് ദ ഡേറ്റ് ചിത്രങ്ങളും ഈ കലാകാരന്റെ കരവിരുതിൽ വിരിയുന്നുണ്ട്. ലീഫ് ആർട്ടിന്റെ കൂടെ തന്നെ വീഡിയോ എഡിറ്റിംഗ് കൂടിയുള്ളതിനാൽ ആവശ്യക്കാർ ഏറെയാണെന്ന് ശ്രീലേഷ് പറയുന്നു. സ്ഥാനാർത്ഥികളും ചിത്രങ്ങളും ചിഹ്നങ്ങളും ചേർത്തുള്ള ശ്രീലേഷിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

സി.പി.എം, കോൺഗ്രസ്, മുസ്ലീംലീഗ്, ബി.ജെ.പി തുടങ്ങി രാഷ്ട്രീയ പാർട്ടികളുടെ നിരവധി സ്ഥാനാർത്ഥികളും ചിഹ്നങ്ങളും ഇതിനകം തന്നെ ലീഫ് ആർട്ടിൽ ഇടം നേടി കഴിഞ്ഞു. ഇലകളിൽ പ്രിസിഷൻ ടൂൾ ഉപയോഗിച്ചുള്ള മണിക്കൂറോളം നീണ്ടുനിൽക്കുന്ന കരവിരുതാണ് ലീഫ് ആർട്ടായി മാറുന്നത്. സിനിമാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, ദുൽഖർ സൽമാൻ, ധനുഷ്, സൂര്യ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ ഇതിനകം ഇദ്ദേഹം ഇലയിൽ വരച്ചുകഴിഞ്ഞു. പെൻസിൽ ഡ്രോയിംഗിലും ശ്രീലേഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കല്യാണം, ബർത്ത്ഡേ തുടങ്ങി വിവിധ പരിപാടികൾക്ക് ഉപഹാരമായി ഫ്രെയിമുള്ള പടം വരച്ചു നൽകാനും ശ്രീലേഷ് തയാറാണ്.

വാരംറോഡ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ കെ.എസ്.ഇ.ബി വർക്കർ പാലയാടൻ പ്രകാശന്റെയും ബീഡിത്തൊഴിലാളി ചിത്രയുടെയും മകനാണ് ശ്രീലേഷ്. തലശ്ശേരിയിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്തുവരുന്ന ശ്രീലേഷ്, ആൾ കേരള ലീഫ് ആർട്ടിസ്റ്റ് ഗ്രൂപ്പിലെ മെമ്പർ കൂടിയാണ്.