
പിണറായി (കണ്ണൂർ): ധർമ്മടത്തെ വികസന പദ്ധതികളുടെ പുരോഗതി നേരിൽക്കണ്ടും പ്രാദേശിക തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ പങ്കെടുത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം തുടരുന്നു. മുഖ്യമന്ത്രിയുടെ ആസ്‌തിവികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന മുഴപ്പിലങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി.
തുടർന്ന് മുഴപ്പിലങ്ങാട് ഗവ. എൽ.പി സ്‌കൂളും കടമ്പൂരിലെ ലൈഫ് ഫ്ളാറ്റ് സമുച്ചയവും മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് കടമ്പൂരിലെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. പാറപ്രം ബോട്ട്‌ടെർമിനൽ, പാറപ്രം - മേലൂർകടവ് പാലം അനുബന്ധറോഡ്, ബ്രണ്ണൻ ഗവ. കോളേജ് സിന്തറ്റിക് ട്രാക്ക്, പാലയാട് അസാപ് സ്‌കിൽപാർക്ക് എന്നിവിടങ്ങൾ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു.
മലനാട് റിവർ ക്രൂസ് പദ്ധതിയിൽ അഞ്ചരക്കണ്ടിപ്പുഴയോരത്ത് 2.94 കോടിക്ക് നിർമ്മിക്കുന്ന പാറപ്രം ബോട്ട് ടെർമിനലും മുഖ്യമന്ത്രി സന്ദർശിച്ചു.
പിണറായി - ധർമടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറപ്രം-മേലൂർകടവ് പാലത്തിന്റെ അനുബന്ധ റോഡിന്റെ ടാറിംഗ് ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു. പാലവും അനുബന്ധ റോഡുകളും മുഖ്യമന്ത്രി പരിശോധിച്ചു.
വൈകിട്ട് മൂന്നിനാണ് മുഖ്യമന്ത്രി ബ്രണ്ണൻ കോളേജിലെ സിന്തറ്റിക്ട്രാക്കും സ്റ്റേഡിയവും കാണാനെത്തിയത്.
ജില്ലയിലെ ആദ്യത്തെ തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ പ്രവൃത്തി പാലയാട് ഡയറ്റിന് സമീപം പുരോഗമിക്കുകയാണ്. 19.77 കോടി രൂപ ചെലവിലാണ് നിർമ്മാണം. 50 ശതമാനം പ്രവൃത്തി കഴിഞ്ഞു. ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും. രാജ്യാന്തര നിലവാരമുള്ള പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി ചേർന്നാണ് പ്രവർത്തനം സജ്ജീകരിക്കുക. പദ്ധതികളുടെ പുരോഗതി അറിയാനുള്ള മുഖ്യമന്ത്രി സന്ദർശനങ്ങളെല്ലാം അനൗദ്യോഗികമായിരുന്നു.