election

തലശ്ശേരി: സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്ന മണ്ണ് അടങ്ങുന്ന ഡിവിഷനാണ് പിണറായി ഡിവിഷൻ. പാർട്ടിക്കൂറിൽ മുഖ്യമന്ത്രിയ്ക്കൊപ്പം വരും പിണറായി ഡിവിഷന്റെ ഉറപ്പ്. ഭരണവിരുദ്ധവികാരമുണ്ടാകുമെന്ന വിശ്വസാത്തോടെ യു.ഡി.എഫും രാജ്യമാകെയുള്ള മോദി അനുഭാവം ഇവിടെയും പ്രതിഫലിക്കുമെന്ന വിശ്വാസത്തോടെ എൻ.ഡി.എയും നിറഞ്ഞുനിൽക്കുമ്പോൾ ഇലക്ഷൻ ചൂട് അതിന്റെ മൂർദ്ധന്യത്തിലെത്തി നിൽക്കുകയാണ് പിണറായിയിൽ.

മുൻ പിണറായി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോങ്കി രവീന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.ഡിവിഷന്റെ മുക്കും മുലയും പരിചയമുള്ള വിപുലമായ സൗഹൃദങ്ങൾക്കുടമയും മികച്ച പ്രാസംഗികനുമായ കോങ്കി രവീന്ദ്രനിലൂടെ എൽ ഡി എഫ് ലക്ഷ്യമിടുന്നത് റിക്കാർഡ് ഭൂരിപക്ഷമാണ്. അടിയന്തിരാവസ്ഥാ കാലത്ത് ജയിൽവാസമടക്കം അനുഭവിച്ച രവീന്ദ്രൻ പ്രസിഡന്റായിരിക്കെ ജില്ലയിലെ രണ്ടാമത്തെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതും ഐ.എസ്.ഒ.സർട്ടിഫിക്കറ്റ് നേടാനായതും എൽ.ഡ‌ി.എഫ് എടുത്തുകാട്ടുന്നു.

എസ്.എഫ്.ഐ.യുടെ കുത്തക തകർത്ത് ബ്രണ്ണൻ കോളജ് യൂണിയൻ കൗൺസിലറായി മാറുകയും ചെയ്ത പഴയ കെ.എസ്.യു നേതാവ് അഡ്വ: വി.എം.സുരേഷ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രാഷ്ട്രീയ രംഗ പ്രവേശനം.1993 മുതൽ തലശ്ശേരി ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് ഇദ്ദേഹം. തലശ്ശേരി ബാർ അസോസിയേഷന്റെ അദ്ധ്യക്ഷ പദവിയും അഡീഷണൽ ഗവ: പ്ലീഡർ സ്ഥാനവും വഹിച്ച ഇദ്ദേഹം കോളിളക്കം സൃഷ്ടിച്ച കെ ടി.ജയകൃഷ്ണൻ മാസ്റ്റർ വധം, റിപ്പർ ഉമ്മർ കൊലപാതക പരമ്പര തുടങ്ങിയ കേസ്സുകളിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായിരുന്നു. .
ബി ജെ.പി .ജില്ലാ കമ്മിറ്റിയംഗമായ വി.മണിവർണ്ണനാണ് എൻ.ഡി..എ സ്ഥാനാർത്ഥി. താലൂക്ക് വിദ്യാർത്ഥി പ്രമുഖ് ,ആർ.എസ്.എസ്.മണ്ഡൽ കാര്യവാഹക് ,ഹിന്ദു ഐക്യവേദി ജില്ലാ കൺവീനർ, തലശ്ശേരി മാതാ അമൃതാനന്ദമയീമഠം പ്രതിഷ്ഠാകർമ്മസമിതി സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്,
സി.പി.എമ്മിലെ പി.വിനിത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 20,604 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഉജ്വല വിജയം നേടിയ ഡിവിഷനാണിത്. കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി പോയതിനാൽ യു.ഡി.എഫ്. അന്ന് പിന്തുണച്ചത് വെൽഫെയർ പാർടിയുടെ സ്വതന്ത്രനെയായിരുന്നു. 11,769 വോട്ടുകൾ നേടിയ ബി ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു.