malabar-dewaswam-board-

കണ്ണൂർ :തങ്ങളോട് കാണിക്കുന്ന ഇരട്ടനീതിയിൽ പ്രതിഷേധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ പങ്കാളികളാകേണ്ടതില്ലെന്ന തീരുമാനവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.ദേവസ്വം ബോർഡിന്റെ നീലേശ്വരം , തലശേരി (തിരുവങ്ങാട് ) കോഴിക്കോട് സിവിൽ , തിരൂർ , അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിലേക്ക് മനുഷ്യാവകാശ സംരക്ഷണ ജാഥ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സമരത്തിലേർപ്പെട്ട ജീവനക്കാരും കുടുംബാംഗങ്ങളും ഇവരുമായി സഹകരിക്കുന്ന സമുദായ സംഘടനകളുമടങ്ങുന്ന സംയുക്ത സമരസമിതിയോഗമാണ് തിരഞ്ഞെടുപ്പിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ക്ഷേത്ര ജീവനക്കാരെ പിന്തുണച്ചു കൊണ്ട് പ്രമുഖ സാംസ്‌കാരിക സാമൂഹിക സമുദായ ദേവസ്വം യൂണിയനുകളും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തിട്ടുണ്ട്. ക്ഷേത്ര ജീവനക്കാർ ഒരു മാസത്തിലധികമായി നടത്തി വരുന്ന സത്യഗ്രഹ സമരത്തിനോടു അനുഭാവം പ്രകടിപ്പിക്കാത്ത സർക്കാറിന്റേയും മലബാർ ദേവസ്വം ബോർഡിന്റെയും അവഗണനയിൽ പ്രതിഷേധിച്ച് നാളെ ദേവസ്വം ബോർഡ് ജീവനക്കാർ നാളെയാണ് ഓഫീസുകളിലേക്ക് മനുഷ്യവകാശ സംരക്ഷണ ജാഥ നടത്തുന്നത്.

അഡ്വ: നീരജ് . എം . നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംയുക്ത സമര സമിതി കൺവീനർ വി. വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു . കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി , മധു മാക്കന്തേരി , വിനോദ് കോഴിക്കോട് , മുരളീധര വാര്യർ , സതീഷ് നായർ എന്നിവർ പ്രസംഗിച്ചു. ശ്രീജിഷ് നമ്പീശൻ സ്വാഗതവും ഷാജി .എം. നമ്പൂതിരി നന്ദിയും പറഞ്ഞു.

ആക്ടും റൂളും ഇല്ലാതെ മലബാ‌ർ ദേവസ്വം ബോർഡ്

കാലഹരണപ്പെട്ടെന്ന് ഹൈക്കോടതി പോലും ചൂണ്ടിക്കാട്ടിയ മദ്രാസ് എച്ച്.ആർ ആൻഡ് സി.ഇ.ആക്ട് പിൻവലിക്കാത്തതുൾപ്പെടെ കടുത്ത അവഗണന നടത്തുന്നുവെന്നാരോപിച്ചാണ് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

2008ൽ രൂപീകരിച്ച മലബാർ ദേവസ്വം ബോർഡിന് ഇതുവരെയായി ആക്ടും റൂളും ഉണ്ടായിട്ടില്ല.തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡുകളിൽ ഈ കാലയളവിൽ ക്ഷേത്രം ജീവനക്കാർക്ക് രണ്ടു തവണ ശമ്പള പരിഷ്‌കരണം നടത്തിയിട്ടും മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്കിതുവരെയായി ശമ്പള പരിഷ്‌ക്കരണമുണ്ടായിട്ടില്ല..പുറമെ നിരവധി ജീവനക്കാരുടെ ശമ്പളം കുടിശ്ശികയുമാണ്.ഇപ്പോഴത്തെ സർക്കാർ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് അഡ്വ.ഗോപാലകൃഷ്ണൻ ചെയർമാനായി മൂന്നംഗ കമ്മീഷനെ നിയമിച്ചിരുന്നു.എന്നാൽ കമ്മിഷൻ അനുകൂലമായി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ആവശ്യമായ നടപടിയെടുത്തിട്ടില്ല.

കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോഓർഡിനേഷൻ കമ്മറ്റി ഹൈക്കോടതിയിൽ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി സർക്കാരിന് ഉത്തരവ് നൽകിയെങ്കിലും ഈ നടപടിയും ഇതുവരെ ഒന്നുമായിട്ടില്ല.മാത്രമല്ല ഉത്തരവ് നടപ്പിലാക്കാൻ കൂടുതൽ സമയം ചോദിച്ച് സർക്കാർ കാലതാമസം വരുത്തുന്നുവെന്നാണ് ആക്ഷേപം.