കണ്ണൂർ: യു.ഡി.എഫും ബി.ജെ.പിയും തകർച്ചയെ നേരിടുകയാണെന്നും ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കയില്ലെന്നും സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.കഴിഞ്ഞ കാലങ്ങളിൽ ഇവരുടെ കൂടെയുണ്ടായിരുന്നവരിൽ പല പാർട്ടികളും ഇപ്പോൾ അവരെ വിട്ടുപോയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കൂടെയായിരുന്ന എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികൾ ഇന്ന് എൽ.ഡി.എഫിന്റെ ഭാഗമാണ്. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ 'തദ്ദേശപ്പോര്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടികൾ മാത്രമല്ല, ഇടതുപക്ഷത്തിന്റെ നന്മ തിരിച്ചറിഞ്ഞ ആയിരക്കണക്കിന് ജനങ്ങൾ കൂടെ വന്നിട്ടുണ്ട്. ഇവയെല്ലാം മുന്നണിയുടെ വലിയ വിജയം ഉറപ്പാക്കാനുള്ള കാരണങ്ങളാണ്. പന്ന്യൻ പറഞ്ഞു.യാതൊരുവിധ ആശങ്കകളുമില്ലാതെയാണ് ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊവിഡും നിപ്പയും പ്രളയവും എല്ലാമുണ്ടായിട്ടും കേരളത്തിലുണ്ടായ വികസനനേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും അനുഭവിക്കുന്ന ജനങ്ങൾ ഇടതുമുന്നണിക്ക് പിന്തുണ നൽകുമെന്നും പന്ന്യൻ പറഞ്ഞു.
രാജ്യത്ത് ഇന്ന് അന്നം തരുന്ന കർഷകർക്ക് നേരെ തോക്ക് ചൂണ്ടിനിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. . മൂന്ന് ലക്ഷം കർഷകരാണ് ഡൽഹിയിൽ ന്യായമായ ആവശ്യങ്ങളുമായി സമരരംഗത്തുള്ളത്. കേരളത്തിലെ സർക്കാരിനെയും ഇടതുപക്ഷത്തെയും തകർക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.