കണ്ണൂർ: എൽ.ഡി.വി (ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ) കാലാവധി അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ അനധികൃതമായ താൽക്കാലിക നിയമനങ്ങൾ ഉദ്യോഗാർത്ഥികൾക്ക് തലവേദനയാകുന്നു. എംപ്ലോയ്‌മെന്റ് ആക്ടിനെ കാറ്റിൽ പറത്തി താത്കാലികക്കാർ വർഷങ്ങളോളം വിവിധ വകുപ്പുകളിൽ തുടരുകയാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. ഇത് മൂലം സംവരണ തത്വവും പാലിക്കപ്പെടാതെ പോവുന്നു.

ആറു മാസത്തിലധികം ജോലി സാദ്ധ്യതയുള്ള തസ്തികകൾ പി.എസ്.സിക്ക് വിടണമെന്നും ആറു മാസം വരെയുള്ള നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആയിരിക്കണമെന്നുമുള്ള നിയമമാണ് ഇവിടെ പാലിക്കപ്പെടാതെ പോകുന്നത്. ആറു മാസം മാത്രം ജോലി ചെയ്യിപ്പിച്ച് പിരിച്ചു വിടേണ്ട താത്കാലികക്കാരെ പത്തോ അതിൽ അധികം വർഷമോ തുടരാൻ അനുവദിച്ച് മാനുഷിക പരിഗണനയുടെ പേര് പറഞ്ഞ് സർക്കാർ സംവിധാനത്തിലേക്ക് സ്ഥിരപ്പെടുത്തുന്ന പ്രവണതയാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അവർ ആരോപിക്കുന്നു.

ജില്ലയിൽ വിവിധ വകുപ്പുകളിലായി 120 താത്കാലികക്കാരാണ് ജോലി ചെയ്യുന്നത്. പഞ്ചായത്ത് വകുപ്പിൽ മാത്രമായി 64 പേർ താൽക്കാലിമായി ജോലി ചെയ്യുന്നു. ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ആകെയുള്ളത് 405 പേർ മാത്രമാണ്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്നും മിക്ക ജില്ലകളിലും നൂറ് ശതമാനം നിയമനങ്ങൾ നടന്നിരുന്നു. കണ്ണൂർ ജില്ലയിൽ 140 പേർക്ക് നിയമനം ലഭിച്ചിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അന്നത്തെ സർക്കാർ നാലര വർഷം വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. നാലു വർഷത്തിലധികം സമയമെടുത്താണ് ഒരു ഡ്രൈവർ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നത്. ഇപ്പോൾ നിലവിലുള്ള ലിസ്റ്റ് 2014 ൽ നോട്ടിഫിക്കേഷൻ വിളിച്ച് 2011 ലാണ് നിലവിൽ വന്നത് .

സൂചന സമരം നടത്തും

നിയമനക്കുറവ് പരിഹരിക്കുക, അനധികൃത പിൻവാതിൽ താത്കാലിക നിയമനം അവസാനിപ്പിക്കുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ പത്തിന് ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ കേരളത്തിലെ കളക്ടറേറ്റുകൾക്കു മുന്നിൽ സൂചന സമരം നടത്തും. വാർത്താസമ്മേളനത്തിൽ സിദോ ജോസ്, ടി.വി.അജയ് കുമാർ, വി.വി.ശ്രീകുമാർ സംബന്ധിച്ചു.

കണ്ണൂർ ജില്ലയിൽ നിയമനം 10 ശതമാനം മാത്രം