election

കാസർകോട്: കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരിയിൽ ജന്മംകൊണ്ട 'ഡി.ഡി.എഫ്' എന്ന ജനകീയ പ്രസ്ഥാനം ഈ തിരഞ്ഞെടുപ്പിലും കച്ചമുറുക്കി നില്ക്കുകയാണ്. രാഷ്ട്രീയം പറയാതെ നാടിന്റെ വികസനത്തിനു മാത്രം വോട്ടു തേടുകയാണ് ജനകീയ ജനാധിപത്യ മുന്നണി. പ്രാദേശികമായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് വിഘടിച്ചവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മുന്നണി ഇടതുപിന്തുണയോടെ ജില്ലാപഞ്ചായത്തിലേക്കും ഒരു കൈ നോക്കുന്നുണ്ട്.

2015 ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഈസ്റ്റ് എളേരിയിൽ ഡി.ഡി.എഫ് പിറന്നത്. പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് ജെയിംസ് പന്തമാക്കന്റെ നേതൃത്വത്തിൽ പ്രബല വിഭാഗം പാർട്ടി വിടാനും ഡി.ഡി.എഫ് രൂപീകരിക്കാനും ഇടയായത്. പിന്നാലെ എത്തിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഒറ്റ വാർഡിൽ ഒതുക്കി. 16 വാർഡുകളിൽ 10 ഉം ഡി.ഡി.എഫ് സ്വന്തമാക്കി. സി.പി.എം നാലു വാർഡുകൾ പിടിച്ചു. 2010 ൽ കോൺഗ്രസിന് തനിച്ച് 14 വാർഡുകൾ ഉണ്ടായിരുന്നു.

തുടർന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ചർച്ച നടത്തി ഒപ്പം ചേർക്കാൻ നോക്കിയെങ്കിലും ഫലപ്രദമായില്ല. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കായിരുന്നു ഡി.ഡി.എഫിന്റെ പിന്തുണ. കഴിഞ്ഞ അഞ്ചുവർഷം പഞ്ചായത്തിൽ ഉണ്ടാക്കിയ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചാണ് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഫിലോമിന ജോണി ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ജെയിംസ് പന്തമാക്കൻ വൈസ് പ്രസിഡന്റും.

രാഷ്ട്രീയം പറയാതെ നാടിന്റെ വികസനത്തിനാണ് വോട്ട് ചോദിക്കുന്നത്. യു.ഡി.എഫ്, ബി.ജെ.പി അനുഭാവികളും ഞങ്ങൾക്ക് വോട്ട് ചെയ്യും.

ജെയിംസ് പന്തമാക്കൻ, ചെയർമാൻ, ഡി.ഡി.എഫ്