
തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ പ്രവാസികളുടെ കള്ളവോട്ടുകൾ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വോട്ടർപട്ടികയിൽ പേരുള്ള പ്രവാസികൾ ഹൈക്കോടതിയെ സമീപിച്ചു. വോട്ടുചെയ്യാൻ നാട്ടിലെത്താൻ കഴിയാത്ത 116 വോട്ടർമാരാണ് കോടതിയെ സമീപിച്ചത്. അഡ്വ.എം. മുഹമ്മദ് ഷാഫി മുഖേനയാണ് ഹരജി നൽകിയത്.
പട്ടുവം പഞ്ചായത്തിലെ ഒന്നാം വാർഡിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട 10 പ്രവാസികളും രണ്ടാം വാർഡിലെ 30 പ്രവാസികളും ഏഴാം വാർഡിലെ 27 പേരും പത്താം വാർഡിലെ 22 പേരും വാർഡ് 11ലെ 12 പേരും 12 ലെ 11 പേരും 13ാം വാർഡിലെ നാലുപേരുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ തങ്ങളുടെ വോട്ടുകൾ ആൾമാറാട്ടത്തിലൂടെ ചെയ്തിട്ടുണ്ടെന്നും ഇത്തവണ ഇതിന് അനുവദിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
ജി.സി.സി പട്ടുവം പഞ്ചായത്ത് കെ.എം.സി.സിയുടെയും വ്യത്യസ്ത വാട്‌സ്ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ഹരജി നൽകിയത്. ഇതിനായി ഒന്നരമാസം മുമ്പേ നടപടികൾ തുടങ്ങിയിരുന്നു.യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികളാണ് ഹരജി നൽകിയത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പട്ടുവത്തെ വിവിധ ബൂത്തുകളിൽ സംഘർഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകൾ ഉൾപ്പെടെ ചെയ്തതായി വിവരാവകാശ രേഖകൾ പ്രകാരം കണ്ടെത്തിയിരുന്നു. ഇതിന്റെ പകർപ്പുകളും ഹരജിക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥികൾക്കും ബൂത്ത് ഏജന്റുമാർക്കും
സംരക്ഷണം നൽകണമെന്ന് കോടതി
കൂത്തുപറമ്പ്: വേങ്ങാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ജസ്ലീന, നാലാം വാർഡ് സ്ഥാനാർത്ഥി ഹുസൈൻ വേങ്ങാട് എന്നിവർക്കും ബൂത്ത് ഏജന്റുമാർക്കും സംരക്ഷണം നൽകണമെന്ന് ജില്ലാ പൊലീസ് ചീഫിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
അഡ്വ. പി.എം. ഹബീബ് മുഖേന നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. വോട്ടർമാരെ വഴിയിൽ തടയുന്നില്ലെന്നും ഭീഷണിപ്പെടുത്തുന്നില്ലെന്നും ഉറപ്പുവരുത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം സി ആർ.പി.എഫിനെ അടക്കം വിന്യസിച്ച് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബൂത്തുകളിൽ വെബ് ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും കഴിഞ്ഞമാസം ഹൈക്കോടതിയെ സമീപിച്ചത്.
മുസ്ലീം ലീഗ് സ്ഥാനാർഥികളാണ് ഇരുവരും. സി.പി.എം പ്രവർത്തകർ ബൂത്തുപിടിച്ചും വോട്ടർമാരെ ഭീഷണിപ്പെടുത്തിയും തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാറുണ്ടെന്ന് ആരോപിച്ചാണ് ഹരജി നൽകിയത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അന്നത്തെ മൂന്നാം വാർഡ് സ്ഥാനാർഥിയായ ഹുസൈൻ വേങ്ങാട് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു.