
കണ്ണൂർ: സ്വകാര്യ പങ്കാളിത്തത്തോടെ പാപ്പിനിശ്ശേരിയിൽ തുടക്കമിട്ട വ്യാപാര സമുച്ചയ പദ്ധതിക്ക് 50 കോടിയുടെ ഫണ്ടിന് സഹായം തേടി ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കത്തയച്ചത് വിവാദമായി. വായ്പ ലഭ്യമാക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഫണ്ട് ശേഖരിക്കാൻ രതീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജിന്റെ പ്രതികരണം.
സർക്കാർ ചട്ടങ്ങൾ അട്ടിമറിച്ചും ഖാദി ബോർഡിൽ തീരുമാനിക്കാതെയും പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെയുമാണ് കെട്ടിടത്തിന് തറക്കല്ലിട്ടതെന്നും ആരോപണമുയർന്നിരുന്നു. വിവാദമായതോടെ ഭരണാനുമതിക്കായി ബോർഡ് സെക്രട്ടറി സർക്കുലർ ഇറക്കി മാസങ്ങൾക്ക് മുമ്പേയുള്ള തീയതിയിട്ട് ഫയലുണ്ടാക്കി പദ്ധതി ക്രമപ്പെടുത്താനുള്ള നീക്കം നടത്തിയെന്ന ആരോപണവും പിന്നാലെയുണ്ടായി. ഡയറക്ടർമാരോടു പോലും കൂടിയാലോചിക്കാതെയുള്ള പദ്ധതിക്ക് പിന്നിൽ സെക്രട്ടറിയുടെ താത്പര്യമാണെന്നാണ് ആക്ഷേപം.
വിമർശനവുമായി
ബോർഡംഗങ്ങളും
പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിനോട് ചേർന്നുള്ള സർക്കാരിന്റെ ഭൂമിയിലാണ് വ്യാപാരസമുച്ചയത്തിന് ഒക്ടോബർ 23ന് തറക്കല്ലിട്ടത്. പ്ലാനും എസ്റ്റിമേറ്റും പോലും തയ്യാറാക്കാതെയായിരുന്നു ഇത്. പദ്ധതി ബോർഡ് ചെയർമാനായ വ്യവസായ മന്ത്രി അംഗീകരിച്ചെന്ന് കാട്ടി എല്ലാ മെമ്പർമാർക്കും സർക്കുലറയച്ച് ഒപ്പും സംഘടിപ്പിച്ചിരുന്നു. സെക്രട്ടറിയുടെ നിലപാടിനെ ബോർഡംഗങ്ങൾ വിമർശിച്ചിരുന്നു. ഇവിടെ പ്രവർത്തനം തുടങ്ങിയ സിൽക്ക് യൂണിറ്റിനു വേണ്ടി പണിത കെട്ടിടത്തിലും വൻ കൃത്രിമം നടന്നതായി ആരോപണമുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിനു മുകളിൽ ഷീറ്റ് വിരിച്ചാണ് സംരക്ഷിച്ചിരിക്കുന്നത്.
50കോടി വായ്പയ്ക്ക് കത്തെഴുതിയ
ഖാദിബോർഡ് സെക്രട്ടറിയെ
തള്ളി ശോഭനാ ജോർജ്ജ്
കത്തെഴുതിയത് സി. പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്
തിരുവനന്തപുരം: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഒന്നര ഏക്കറിൽ ഖാദിബോർഡിന് വാണിജ്യ സമുച്ചയം പണിയാൻ 50 കോടി രൂപ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ അനുവദിക്കാൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് ബോർഡ് സെക്രട്ടറി കെ.എ. രതീഷ് കത്തയച്ചത് വിവാദമാകുന്നു.
ഖാദി ബോർഡ് അറിയാതെയാണ് കത്തയച്ചതെന്നു പറഞ്ഞ ബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജ്ജ് ഫലത്തിൽ കെ.എ. രതീഷിനെ തള്ളിപ്പറഞ്ഞു. കത്തയയ്ക്കാൻ ആരും സെക്രട്ടറിയ ചുമതലപ്പെടുത്തിയില്ല. കെട്ടിടം പണിയാൻ 50 കോടി രൂപ ഒന്നിലധികം സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് അപേക്ഷിച്ചാണ് ഖാദി ബോർഡിന്റെ ലെറ്രർഹെഡിൽ രതീഷ് കത്ത് നൽകിയത്.
കശുഅണ്ടി വികസന കോർപറേഷനിൽ സി.ബി.ഐ അന്വേഷിക്കുന്ന കോടികളുടെ അഴിമതിക്കേസിൽ പ്രതിയാണ് രതീഷ്. ഈ കേസിൽ അന്വേഷണം നേരിടുമ്പോൾ തന്നെ ഇദ്ദേഹത്തെ ഖാദിബോർഡ് സെക്രട്ടറിയാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.